വിശുദ്ധ പൊളിക്കാര്‍പ്പ് (2-ാം നൂറ്റാണ്ട്) : ഫെബ്രുവരി 23

വിശുദ്ധ പൊളിക്കാര്‍പ്പ് (2-ാം നൂറ്റാണ്ട്) : ഫെബ്രുവരി 23
86 വര്‍ഷമായി ഞാന്‍ ക്രിസ്തുവിനുവേണ്ടി ജോലിചെയ്യാന്‍ തുടങ്ങിയിട്ട്. ഇതുവരെ അവിടുന്നെന്നെ കൈവിട്ടിട്ടില്ല. ഞാനെങ്ങനെ അവിടുത്തെ നിന്ദിച്ചുപറയും? ഞാനൊരു ക്രിസ്ത്യാനിയാണ്.
വിശുദ്ധ പൊളിക്കാര്‍പ്പ്

വിശുദ്ധ പൊളിക്കാര്‍പ്പിന് വിശ്വാസവെളിച്ചം പകര്‍ന്നുനല്‍കിയത് സുവിശേഷകനായ വി. യോഹന്നാനാണ്. യോഹന്നാന്റെ പ്രിയശിഷ്യനായിത്തീര്‍ന്ന പൊളിക്കാര്‍പ്പ് ജനിച്ചത് ആധുനിക ടര്‍ക്കിയില്‍ സ്മിര്‍ന എന്ന സ്ഥലത്താണ്. യോഹന്നാന്‍ശ്ലീഹ പൊളിക്കാര്‍പ്പിനെ സ്മിര്‍നയിലെ ബിഷപ്പായി അഭിഷേകം ചെയ്തപ്പോള്‍ ഏതാണ്ട് 37 വയസ്സാണു പ്രായം.
വിശുദ്ധനും സമര്‍ത്ഥനായ ഭരണാധികാരിയുമായിരുന്നു അദ്ദേഹം. ദാരിദ്ര്യവും മതപീഡനവുംകൊണ്ട് പൊറുതിമുട്ടിയ അവസരത്തിലും അദ്ദേഹം സധൈര്യം പൊരുതിനിന്നു. 155-ല്‍ അന്ന് അദ്ദേഹത്തിന് 86 വയസ്സുകാണും, പോപ്പിനെ സന്ദര്‍ശിക്കുവാന്‍ അദ്ദേഹം റോമിലേക്കു പുറപ്പെട്ടു. ഈസ്റ്റര്‍ ദിനത്തെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാനാണ് അദ്ദേഹം പോയത്. പക്ഷേ, തീരുമാനമൊന്നും ഉണ്ടായില്ല. എങ്കിലും പൗരസ്ത്യപാരമ്പര്യമനുസരിച്ച് ഈസ്റ്റര്‍ ദിനാചരണം തുടരാനുള്ള അനുവാദം നല്‍കിയാണ് പോപ്പ് അദ്ദേഹത്തെ യാത്രയാക്കിയത്. നിസാന്‍ മാസത്തിലെ 14-ാമത്തെ ദിവസമായിരുന്നു പണ്ട് ഈസ്റ്റര്‍ ആഘോഷിച്ചിരുന്നത്. അതു ഞായറാഴ്ചയാണോ അല്ലയോ എന്നു നോക്കാതെയായിരുന്നു ഈസ്റ്റര്‍ ആചരണം.
ചക്രവര്‍ത്തിയായ മാര്‍ക്കസ് അവുറേലിയസ് ക്രിസ്ത്യാനികള്‍ക്കെതിരെ മതപീഡനം അഴിച്ചുവിട്ട സമയമായിരുന്നു അത്. വിശ്വാസികളുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം നഗരത്തിന്റെ ഒരു കോണില്‍ ഒളിച്ചുതാമസിച്ചു. പക്ഷേ, പീഡനം സഹിക്കവയ്യാതെ ഒരു അടിമ പൊളിക്കാര്‍പ്പിന്റെ ഒളിത്താവളം ഒറ്റിക്കൊടുത്തു. അദ്ദേഹത്തെ ചക്രവര്‍ത്തിയുടെ മുമ്പില്‍ ഹാജരാക്കി.
വന്ദ്യവയോധികനായ പൊളിക്കാര്‍പ്പിനെ വധിക്കുവാന്‍ അധികാരികള്‍ താത്പര്യം കാണിച്ചില്ല. ക്രിസ്തുവിനെ നിന്ദിച്ചുപറയുവാന്‍ അവര്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. അപ്പോള്‍ അദ്ദേഹം ശാന്തനും ധീരനുമായി പറഞ്ഞു: "86 വര്‍ഷമായി ഞാന്‍ ക്രിസ്തുവിനുവേണ്ടി ജോലിചെയ്യാന്‍ തുടങ്ങിയിട്ട്. ഇതുവരെ അവിടുന്നെന്നെ കൈവിട്ടിട്ടില്ല. ഞാനെങ്ങനെ അവിടുത്തെ നിന്ദിച്ചുപറയും? ഞാനൊരു ക്രിസ്ത്യാനിയാണ്."
അതുകേട്ട് കുപിതനായ ചക്രവര്‍ത്തി പൊളിക്കാര്‍പ്പിനെ അഗ്നിക്കിരയാക്കുവാന്‍ കല്പിച്ചു. കൈകള്‍ പുറകില്‍ കെട്ടപ്പെട്ട അവസ്ഥയില്‍ അദ്ദേഹത്തെ സ്മിര്‍നായിലെ സ്റ്റേഡിയത്തിലെത്തി. അപ്പോഴും അദ്ദേഹം ക്രിസ്തുവിനെ സ്തുതിച്ചുകൊണ്ടിരുന്നു, കയ്പുനിറഞ്ഞ ഈ കാസ കുടിച്ചിറക്കാന്‍ തന്നെ അനുവദിച്ചതിന്. ആ സമയത്ത് അദ്ദേഹത്തിനു ചുറ്റും തീകത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരുന്നു. കൊല നടത്തുന്നവന്‍, വിശുദ്ധന്റെ പ്രാര്‍ത്ഥന തീരുന്നതുവരെ കാത്തുനിന്നു. അതുകഴിഞ്ഞപ്പോള്‍ ചുറ്റും തീ ആളി. പക്ഷേ, അദ്ദേഹത്തിന് ഒരു പോറലുപോലും ഏറ്റില്ല. വിശുദ്ധനെ അഗ്നി സ്പര്‍ശിക്കുന്നില്ലെന്നു മനസ്സിലാക്കിയപ്പോള്‍ അവര്‍ അദ്ദേഹത്തെ കുന്തംകൊണ്ടു കുത്തിക്കൊന്നു.
സഭയുടെ ആദ്യകാല ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ് വി. പൊളിക്കാര്‍പ്പിന്റെ രക്തസാക്ഷിത്വം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org