വിശുദ്ധ സെബസ്ത്യാനോസ് (257-288) : ജനുവരി 20

വിശുദ്ധ സെബസ്ത്യാനോസ് (257-288) : ജനുവരി 20

സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്നു പഠിപ്പിച്ച ക്രിസ്തുവിന്റെ ഉജ്ജ്വലമായ മാതൃകയായിരുന്നു വി. സെബസ്ത്യാനോസിന്റെ വഴികാട്ടി.

ഫ്രാന്‍സിലെ നര്‍ബോണ്‍ എന്ന സ്ഥലമാണ് വി. സെബസ്ത്യാനോസിന്റെ ജന്മദേശം. ബാല്യത്തില്‍ത്തന്നെ ക്രൈസ്തവവിശ്വാസം സ്വീകരിച്ചു.
സൈനികസേവനത്തോടു താല്പര്യമില്ലാഞ്ഞിട്ടുപോലും 283-ല്‍ അദ്ദേഹം റോമന്‍ സൈന്യത്തില്‍ ചേര്‍ന്നു. റോമില്‍ ക്രിസ്ത്യാനികളെ വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കുന്ന വിവരം സെബാസ്റ്റ്യന്‍ അറിഞ്ഞിരുന്നു. അവരെ രഹസ്യമായി സഹായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എങ്കിലും, സെബാസ്റ്റ്യന്റെ ബുദ്ധിസാമര്‍ത്ഥ്യവും വിവേകവും ധീരതയും ചക്രവര്‍ത്തിയെ സംപ്രീതനാക്കി. അദ്ദേഹം സെബാസ്റ്റ്യനെ സൈന്യത്തിലെ ഉന്നതസ്ഥാനത്തേക്കുയര്‍ത്തി. അതോടെ ക്രിസ്തീയ തടവുകാരെ കൂടുതല്‍ സ്വതന്ത്രമായി കണ്ടുമുട്ടുന്നതിനും സഹായിക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു.

285-ല്‍ ഡയോക്ലീഷ്യന്‍ റോമന്‍ ചക്രവര്‍ത്തിയായി. അദ്ദേഹം സെബാസ്റ്റ്യനെ അംഗരക്ഷകസൈന്യത്തില്‍ അംഗമാക്കി. അങ്ങനെ മൂന്നുവര്‍ഷം കഴിഞ്ഞു. ക്രിസ്തുവിശ്വാസിയായ സെബാസ്റ്റ്യനെ ആരോ ഒറ്റിക്കൊടുത്തു. മറ്റു പല വിശ്വാസികളെയും ചക്രവര്‍ത്തിയുടെ ആജ്ഞപ്രകാരം സൈന്യം വധിച്ചുകളഞ്ഞെങ്കിലും, ജൂപ്പിറ്റര്‍ ദേവനെ ആരാധിച്ചു ജീവന്‍ രക്ഷിക്കാന്‍ ചക്രവര്‍ത്തി സെബാസ്റ്റ്യനെ അനുവദിച്ചു. പക്ഷേ, ചക്രവര്‍ത്തിയുടെ ഉപദേശമോ ഭീഷണിയോ വകവെയ്ക്കാതെ തന്റെ വിശ്വാസത്തില്‍ ഉറച്ചുനിന്ന സെബാസ്റ്റ്യനെ അമ്പെയ്തു കൊല്ലുവാന്‍ ചക്രവര്‍ത്തി ആജ്ഞാപിച്ചു.
ഘാതകര്‍ അദ്ദേഹത്തെ ബന്ധിച്ച് വിശാലമായ ഒരു മൈതാനത്തു കൊണ്ടുപോയി വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റിയശേഷം ഒരു മരത്തോടു ചേര്‍ത്തു കെട്ടിയിട്ട്, മരിച്ചെന്ന് ഉറപ്പാകുന്നതുവരെ അമ്പെയ്തു. മരിച്ചെന്നു കരുതി ഘാതകര്‍ സ്ഥലം വിട്ടപ്പോള്‍, സെബാസ്റ്റ്യന്റെ മൃതദേഹം രഹസ്യത്തില്‍ സംസ്‌കരിക്കാനായി ഐറീന്‍ എന്ന ഭക്തസ്ത്രീ അവിടെയെത്തി.
അപ്പോഴാണ് സെബാസ്റ്റ്യന്‍ മരിച്ചിട്ടില്ലെന്നു മനസ്സിലായത്. ഐറീന്‍ ശുശ്രൂഷിച്ച് സെബാസ്റ്റ്യന് ആരോഗ്യം തിരിച്ചുകിട്ടി. നാടുവിട്ടുപോയി എവിടെങ്കിലും സ്വസ്ഥമായി കഴിയുന്നതിനുപകരം വീണ്ടും ചക്രവര്‍ത്തിയെ വെല്ലുവിളിച്ചുകൊണ്ട് സെബാസ്റ്റ്യന്‍ ക്രിസ്തീയ വിശ്വാസത്തില്‍ത്തന്നെ പരസ്യമായി നിലയുറപ്പിച്ചു.
സെബാസ്റ്റ്യന്‍ ഇനിയും മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചക്രവര്‍ത്തി അദ്ദേഹത്തെ ഗദകൊണ്ട് അടിച്ചുകൊല്ലുവാന്‍ ഉത്തരവിട്ടു. പടയാളികള്‍ വേഗംതന്നെ ആ ഉത്തരവു നിറവേറ്റി.
സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്നു പഠിപ്പിച്ച ക്രിസ്തുവിന്റെ ഉജ്ജ്വലമായ മാതൃകയായിരുന്നു വി. സെബസ്ത്യാനോസിന്റെ വഴികാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org