വിശുദ്ധ സൈമണ്‍ സ്റ്റൈലൈറ്റ് (388-459) : ജനുവരി 5

വിശുദ്ധ സൈമണ്‍ സ്റ്റൈലൈറ്റ് (388-459) : ജനുവരി 5
ദീര്‍ഘകാലം ഒരു സ്തൂപത്തിന്റെ മുകളില്‍ കഴിച്ചുകൂട്ടിയ വ്യത്യസ്തനായ ഒരു സന്ന്യാസിയുടെ കഥയാണിത്. സൈമണ്‍, സിറിയയിലെ ഒരു സമ്പന്ന കര്‍ഷകകുടുംബത്തിലാണു ജനിച്ചത്. 15-മത്തെ വയസ്സില്‍ ഒരു ആശ്രമത്തിലെ അന്തേവാസിയായി. പക്ഷേ, സ്വഭാവത്തിലെ അസാധാരണത്വംകൊണ്ട്, സമൂഹജീവിതത്തിനു യോഗ്യനല്ലെന്നു വിധിക്കപ്പെട്ടു. അങ്ങനെ സൈമണ്‍ ഒരു സന്യാസിയായി.

നോമ്പുകാലം മുഴുവന്‍ തിന്നുകയോ കുടിക്കുകയോ ചെയ്യാതെ അദ്ദേഹം നിവര്‍ന്നു നില്‍ക്കുമായിരുന്നു. ആ സമയത്ത് ധാരാളം ആളുകള്‍ ഉപദേശം തേടിയെത്തിയിരുന്നു. അക്കൂട്ടത്തില്‍ തിയഡോസിയസ് ചക്രവര്‍ത്തിയും എന്‍ഡോസിയ രാജ്ഞിയും ഉണ്ടായിരുന്നു. സൈമന്റെ പ്രാര്‍ത്ഥനയുടെ ഫലമായി അനേകര്‍ക്ക് അത്ഭുതരോഗശാന്തിയുണ്ടായി. എന്നാല്‍ ആരാധകരുടെ നിരന്തരശല്യം ഒഴിവാക്കാനായി ഒരു കുന്നിന്റെ മുകളില്‍ പത്തടി ഉയരമുള്ള ഒരു സ്തൂപം നിര്‍മ്മിച്ചു. പിന്നീട് അതിന്റെ ഉയരം അറുപത് അടിയാക്കി. എന്നിട്ട്, മേല്‍ക്കൂരയില്ലാത്ത ആ സ്തൂപത്തിന്റെ മുകളില്‍ ശേഷിച്ച 36 വര്‍ഷം കഴിച്ചുകൂട്ടി.
ഈ സ്തൂപത്തിന്റെ മുകളിലെ വ്യാസം വെറും മൂന്ന് അടിയായിരുന്നു. അവിടെ നിവര്‍ന്നു നില്‍ക്കുകയോ മുട്ടുകുത്തി നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യാം. അല്ലാതെ, ഒരിക്കലും കിടക്കുവാന്‍ സാധിച്ചിരുന്നില്ല. സ്തൂപത്തിനു മുകളില്‍ നിന്നുകൊണ്ട് വിശേഷദിനങ്ങളില്‍ വിശ്വാസികളോട് ഉപദേശിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുമായിരുന്നു. പക്ഷേ, ഉപദേശം കേള്‍ക്കേണ്ടവര്‍ ഒരു വടമോ കോണിയോ ഉപയോഗിച്ച് സ്തൂപത്തിന് മുകളിലെത്തിയിരിക്കണം.
കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാം. എങ്കിലും ഇതില്‍നിന്ന് ഒരു പാഠം ഉള്‍ക്കൊള്ളാം. ദൈവത്തെ കാണുവാന്‍ അഥവാ അനുഭവിക്കുവാന്‍ നാം ഹൃദയത്തെ ശുദ്ധമാക്കി പരിപൂര്‍ണതയിലെത്തണമെന്നാണ് സൈമണ്‍ നല്‍കുന്ന സന്ദേശം. അതിനുള്ള തയ്യാറെടുപ്പുകള്‍ ചിലപ്പോള്‍ കഠിനമാകാം. എങ്കിലും, പരിശ്രമത്തില്‍നിന്നു പിന്തിരിയാതെ അദ്ധ്വാനവും പരിശ്രമവും പ്രാര്‍ത്ഥനയും വഴി നമുക്കു ദൈവവഴിയില്‍ പുരോഗമിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org