വിശുദ്ധ സില്‍വെസ്റ്റര്‍ I (-335) : ഡിസംബര്‍ 31

വിശുദ്ധ സില്‍വെസ്റ്റര്‍ I (-335) : ഡിസംബര്‍ 31
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മിലാന്‍ വിളംബരം ഉണ്ടായത് മൂന്നു നൂറ്റാണ്ടു നീണ്ടുനിന്ന രക്തരൂക്ഷിത മതപീധനത്തിനുശേഷമാണ്. വി. മില്‍റ്റിയാഡസിനുശേഷം, പത്രോസിന്റെ 33-ാമത്തെ പിന്‍ഗാമിയായി 314 ജനുവരി 31-ന്, റോമാക്കാരനായ സില്‍വെസ്റ്റര്‍ ഒന്നാമന്‍ അധികാരമേറ്റു. ഇരുപത്തൊന്നു വര്‍ഷം നീണ്ടുനിന്ന ആ ഭരണകാലത്ത് അദ്ദേഹം റോമന്‍ സഭയെ പുനഃസംവിധാനം ചെയ്തു. റോമന്‍ രക്തസാക്ഷികളുടെ ചരിത്രം ആദ്യമായി ശേഖരിച്ച് ക്രോഡീകരിച്ചു.

സില്‍വെസ്റ്റര്‍ പാപ്പായുടെ ഭരണകാലത്താണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനം റോമില്‍ നിന്നു കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു മാറ്റിയത് (330). തന്റെ ലാറ്ററന്‍ പാലസ് ചക്രവര്‍ത്തി പോപ്പിനു കൈമാറി. പോപ്പ് അവിടെ തന്റെ കത്തീഡ്രല്‍ പടുത്തുയര്‍ത്തി. അങ്ങനെ ലാറ്ററന്‍ ബസിലിക്ക, റോമന്‍ സഭയുടെ കത്തീഡ്രലായിത്തീര്‍ന്നു. അങ്ങനെ വത്തിക്കാനിലെ മഹത്തായ സെന്റ് പീറ്റേഴ്‌സ് ബസലിക്ക രൂപം കൊണ്ടു. കൂടാതെ, വി. ലോറന്‍സിന്റെ പേരിലും വിശുദ്ധ കുരിശിന്റെ നാമത്തിലുമുള്ള ദൈവാലയങ്ങളും നിര്‍മ്മിക്കപ്പെട്ടു.
325-ല്‍ നിഖ്യായില്‍ (ടര്‍ക്കി) വച്ചു നടന്ന ആദ്യത്തെ സൂനഹ ദോസായിരുന്നു സില്‍വെസ്റ്റര്‍ പാപ്പായുടെ നേതൃത്വത്തില്‍ നടന്ന ഏറ്റവും വലിയ സംഭവം. മുന്നൂറ്റിയിരുപതോളം ബിഷപ്പുമാരാണ് ആ സൂനഹദോസില്‍ പങ്കെടുത്തത്. അവരില്‍ ഭൂരിപക്ഷവും പൗരസ്ത്യദേശത്തു നിന്നുള്ളവരായിരുന്നു. അവര്‍ കൊര്‍ഡോബാ മെത്രാന്റെ അധ്യക്ഷതയില്‍ സമ്മേളിച്ചു. പോപ്പിന്റെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഈ സൂനഹദോസ് ആര്യന്‍ പാഷണ്ഡതയെ തള്ളിപ്പറയുകയും നിഖ്യാ വിശ്വാസപ്രമാണത്തിന് രൂപം നല്‍കുകയും ചെയ്തു.
335-ല്‍ മരണമടഞ്ഞ സില്‍വെസ്റ്റര്‍ പോപ്പിനെ ആദ്യം സദേരിയായിലെ വി. പ്രാസില്ലായുടെ സെമിത്തേരിയിലാണ് സംസ്‌കരിച്ചത്. എന്നാല്‍, 762-ല്‍ പോള്‍ ഒന്നാമന്‍ പാപ്പാ, സില്‍വെസ്റ്ററിന്റെ ഭൗതികാവശിഷ്ടങ്ങള്‍ വി. സില്‍വെസ്റ്ററിന്റെ നാമത്തിലുള്ള ദൈവാലയത്തിലേക്കു നീക്കം ചെയ്തു. റോമിലെ ഇംഗ്ലീഷുകാരായ കത്തോലിക്കരുടെ നാഷണല്‍ ചര്‍ച്ചാണിത്.
പുതുവര്‍ഷത്തിന്റെ തലേരാത്രി പല രാജ്യങ്ങളിലും ക്രിസ്തുമസ് രാത്രിപോലെ "സില്‍വെസ്റ്റര്‍ രാത്രി"യായി ആഘോഷിക്കുന്നുണ്ട്. അന്ന് ആശംസകളും സമ്മാനങ്ങളും കൈമാറുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org