വിശുദ്ധ തോമസ് ബെക്കറ്റ് (1118-1170) : ഡിസംബര്‍ 29

വിശുദ്ധ തോമസ് ബെക്കറ്റ് (1118-1170) : ഡിസംബര്‍ 29
യേശുവിനും സഭയ്ക്കുംവേണ്ടി മരിക്കാന്‍ ഞാന്‍ സന്നദ്ധനാണ്
വി. തോമസ് ബെക്കറ്റ്‌
സമ്പന്നനായ ഒരു വ്യവസായിയുടെ മകനായി തോമസ് ബെക്കറ്റ് ലണ്ടനില്‍ ജനിച്ചു. വിദ്യാഭ്യാസം മെര്‍ട്ടണ്‍ പ്രയറിയിലും പാരീസിലുമായി നടന്നു. സിവില്‍ ലോയും കാനന്‍ ലോയും പഠിച്ച് ഉന്നത ബിരുദം സമ്പാദിച്ച തോമസ് മുപ്പത്തേഴാമത്തെ വയസ്സില്‍ കാന്റര്‍ബറിയുടെ ആര്‍ച്ചുഡീക്കനായി. യുവാവും അതിമോഹിയുമായിരുന്ന ഹെന്‍ട്രി രണ്ടാമന്‍ ഇംഗ്ലണ്ടിന്റെ ഭരണാധികാരിയായപ്പോള്‍, തോമസിനെ, അയാളുടെ താല്പര്യത്തിനു വിരുദ്ധമായി, ചാന്‍സിലറായി നിയമിക്കാന്‍ തീരുമാനിച്ചു. അങ്ങനെ അര്‍ദ്ധമനസ്സോടെ, രാജാവിന്റെ താല്പര്യത്തിനു വഴങ്ങിയ തോമസ്, ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തനായ വ്യക്തിയായിത്തീര്‍ന്നു. നോര്‍മണ്ടിയും ഫ്രാന്‍സിന്റെ പടിഞ്ഞാറു ഭാഗങ്ങളും കൂടി ചേര്‍ന്നതായിരുന്നു അന്ന് ഇംഗ്ലീഷ് സാമ്രാജ്യം. തോമസ് അന്നു വീരനായ യുവാവാ യിരുന്നു. കരുത്തനും സുന്ദരനും സമര്‍ത്ഥനുമായ യോദ്ധാവായിരുന്നു.

1161-ല്‍ കാന്റര്‍ബറിയുടെ ആര്‍ച്ചുബിഷപ്പ് തിയോബാള്‍ഡ് ചരമമടഞ്ഞു. സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷം ഹെന്‍ട്രി രണ്ടാമന്‍ തോമസിനെത്തന്നെയാണ് ആ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. കാന്റര്‍ബറിയിലെ സന്ന്യാസിമാരുടേയും തോമസിന്റെ തന്നെയും താല്പര്യങ്ങള്‍ക്കു വിരുദ്ധമായിരുന്നു ആ നിയമനം. ഭക്തനും ധാര്‍മ്മികബോധ്യങ്ങളുള്ളവനുമായിരുന്ന തോമസ് വളരെ സൗമ്യമായി ചക്രവര്‍ത്തിക്ക് ഒരു മുന്നറിയിപ്പു നല്‍കി: "സഭയുടെ കാര്യത്തില്‍ എന്താണ് അങ്ങയുടെ പദ്ധതികളെന്ന് എനിക്കു വ്യക്തമായറിയാം. ആര്‍ച്ചുബിഷപ്പെന്ന നിലയില്‍, എനിക്കവയെ എതിര്‍ക്കേണ്ടിവരും." അതോടെ, അന്തരീക്ഷം മൂകമായി. ആര്‍ഭാടങ്ങളും പ്രകടനങ്ങളും നിലച്ചു. തോമസ് പ്രത്യാശയോടെ ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി സുദീര്‍ഘമായ പ്രാര്‍ത്ഥനകളിലും ധ്യാനങ്ങളിലും ഉപവാസത്തിലും മുഴുകി.
തോമസും ചക്രവര്‍ത്തിയും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. രാജ്യത്തിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ താത്പര്യമില്ലായിരുന്ന തോമസ് ചാന്‍സിലര്‍ സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. അത് ഇരുവരും തമ്മിലുള്ള പ്രത്യക്ഷസമരത്തിലേക്കു നീങ്ങി. "ക്ലാരഞ്ജന്‍ നിയമസംഹിത"യ്ക്ക് അംഗീകാരം നല്‍കാതെ തോമസ് എതിര്‍പ്പു പ്രകടിപ്പിച്ചതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. സഭാകാര്യങ്ങളില്‍ ചക്രവര്‍ത്തിയുടെ കടന്നു കയറ്റത്തിന് സാഹചര്യമൊരുക്കുന്ന നിയമങ്ങളായിരുന്നു അവ. സഭാകാര്യങ്ങളില്‍ റോമിന് അപ്പീല്‍ പോകുന്നതിനെ എതിര്‍ക്കുകയും, ഇംഗ്ലീഷ് സഭാനിയമങ്ങള്‍ ചക്രവര്‍ത്തിയുടെ വരുതിയിലാക്കുകയും ചെയ്യുന്ന ആ നിയമങ്ങളുടെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കാണാന്‍ സാധിച്ച തോമസ് മാത്രം, മറ്റു ബിഷപ്പുമാര്‍ ചക്രവര്‍ത്തിയെ അനുകൂലിച്ചപ്പോഴും, എതിര്‍ത്തുനിന്നു.
സാമ്പത്തികമായ പീഡനമുറകളാണ് രാജാവ് ആദ്യം തോമസിനെതിരെ പ്രയോഗിച്ചത്. കാന്റര്‍ബറി സഭാധികാരികളുടെ മേല്‍ ദുര്‍വഹ മായ സാമ്പത്തിക ബാദ്ധ്യതകള്‍ ആരോപിച്ച് ഭീമമായ തുകകള്‍ പിഴ ചുമത്താന്‍ തുടങ്ങി. തന്റെ ജീവന്‍ അപകടത്തിലാണെന്നു മനസ്സിലാക്കിയ ആര്‍ച്ചുബിഷപ്പ്, വേഷം മാറി, ഫ്രാന്‍സിലേക്ക് ഒളിച്ചു കടന്നു. അവിടെ ലൂയി ഏഴാമന്‍ രാജാവ് അദ്ദേഹത്തെ ഹാര്‍ദ്ദമായി സ്വീകരിച്ചു. മാത്രമല്ല, ആര്‍ച്ചുബിഷപ്പിന്റെ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്താനായി അക്കാര്യം പോപ്പ് അലക്‌സാണ്ടര്‍ മൂന്നാമന്റെ മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തു. റോമില്‍ നിന്ന് "ആന്റിപോപ്പി"നാല്‍ നാടുകടത്തപ്പെട്ട മാര്‍പാപ്പ അന്ന് സെന്‍സിലായിരുന്നു വാസം.
നാലുവര്‍ഷം ഇംഗ്ലണ്ടിലെ രാജാവുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടന്നു. ആ സമയം കൊണ്ട് രാജാവ് തോമസിന്റെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടുകയും ബന്ധുക്കളെയെല്ലാം നാടുകടത്തുകയും ചെയ്തു. അവസാനം, ഒത്തുതീര്‍പ്പിനുള്ള ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍, 1170-ല്‍ തോമസ് കാന്റര്‍ബറിയില്‍ തിരിച്ചെത്തി. പക്ഷേ, താമസിയാതെ തന്റെ ജീവന്‍ അപകടത്തിലാണെന്ന് അദ്ദേഹം മനസ്സിലാക്കി. "ഈ നീചന്റെ പിടിയില്‍ നിന്ന് എന്നെ രക്ഷിക്കാന്‍ ഇവിടാരുമില്ലേ?" എന്ന് രാജാവ് അലറി. അതുകേട്ട്, നാലു യോദ്ധാക്കള്‍ പാഞ്ഞുചെന്ന്, കത്തീഡ്രലില്‍ അള്‍ത്താരയുടെ മുമ്പില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന ആര്‍ച്ചുബിഷപ്പിനെ വാളുകൊണ്ട് വധിച്ചു. 1170 ഡിസംബര്‍ 29 ന്, "ദൈവത്തിനും കന്യാമറിയത്തിനും സഭയുടെ എല്ലാ മദ്ധ്യസ്ഥരായ വിശുദ്ധന്മാര്‍ക്കും വി. ഡെനിസിനും എന്നെയും എന്റെ വിശ്വാസപരമായ കാര്യങ്ങളും ഭരമേല്പിക്കുന്നു" എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് തോമസ് ബെക്കറ്റ് അന്ത്യശ്വാസം വലിച്ചു.
ഈ ക്രൂരകൃത്യത്തിന്റെ പ്രത്യാഘാതങ്ങള്‍ ഭയങ്കരമായിരുന്നു. നൂറ്റാണ്ടുകളോളം സഭയുടെ നിയന്ത്രണം അന്യാധീനപ്പെടാതെ നിന്നു. ജനങ്ങള്‍ക്കു തോമസിന്റെ രക്തസാക്ഷിത്വം വീര്യം പകര്‍ന്നു. രണ്ടു വര്‍ ഷത്തിനുള്ളില്‍ പോപ്പ് അലക്‌സാണ്ടര്‍ മൂന്നാമന്‍ തോമസിനെ അള്‍ത്താരയില്‍ വണക്കത്തിനായി പ്രതിഷ്ഠിച്ചു. വിശുദ്ധന്റെ കബറിടം പെട്ടെന്ന് ഒരു തീര്‍ത്ഥാടനകേന്ദ്രമായി വളര്‍ന്നു. ധാരാളം അത്ഭുതങ്ങള്‍ നടന്നുകൊണ്ടിരുന്നു. 1174-ല്‍ ഹെന്‍ട്രി രണ്ടാമന്‍ പശ്ചാത്തപിച്ച് വിശുദ്ധന്റെ കബറിടത്തിങ്കല്‍ വന്നു പ്രാര്‍ത്ഥിച്ച് പാപമോചനം നേടി.
പക്ഷേ, ഹെന്‍ട്രി എട്ടാമന്റെ ഭരണകാലത്ത് ഈ കബറിടവും വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളും നശിപ്പിക്കപ്പെട്ടു.
വി. തോമസ് ബെക്കറ്റിന്റെ കഥയെ ഉപജീവിച്ച് ടി.എസ്. എലിയറ്റ് എഴുതിയ പ്രസിദ്ധമായ കൃതിയാണ് "The Murder in the Cathedral."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org