വിശുദ്ധ വെഞ്ചസ്ലാവൂസ് (907-929) : സെപ്തംബര്‍ 28

വിശുദ്ധ വെഞ്ചസ്ലാവൂസ് (907-929) : സെപ്തംബര്‍ 28

ബൊഹീമിയ(ചെക്കോസ്ലോവേക്യ)യിലെ രാജകുടുംബത്തിലാണ് വെഞ്ചസ്ലാവൂസ് ജനിച്ചത്. അദ്ദേഹത്തിന്റെ വല്യമ്മ, വി. ലുദ്മില്ലയാണ് കൊച്ചുമകനെ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്തിക്കൊണ്ടു വന്നത്. വി. കുര്‍ബാനയോട് അദ്ദേഹത്തിന് അസാധാരണ ഭക്തിയുണ്ടായിരുന്നു. പക്ഷേ, ക്രിസ്തുവില്‍ വിശ്വസിച്ചു ജീവിച്ചിരുന്ന പിതാവിന്റെ മരണത്തോടെ, അവിശ്വാസിയായ അമ്മ, ഡ്രഗോമീര്‍, റീജന്റായി ഭരണമേറ്റെടുത്തു. അന്ന് കിരീടാവകാശിയായ വെഞ്ചസ്ലാവൂസ് തീരെ ചെറുപ്പമായിരുന്നു.
അമ്മ ഭരണമേറ്റതോടെ ക്രിസ്തുമത വിശ്വാസപ്രചരണത്തിനു നിയന്ത്രണങ്ങള്‍ വന്നു. ക്രൈസ്തവദേവാലയങ്ങള്‍ അടച്ചിടാനും, വിശ്വാസപ്രചരണം പാടില്ലെന്നും കല്പന പുറപ്പെടുവിച്ചു. ജര്‍മ്മന്‍ മിഷനറിമാരോട് രാജ്യം വിട്ടുപോകാന്‍ കല്പിച്ചു. ക്രിസ്തുമതവിശ്വാസം പ്രചരിപ്പിക്കുവാന്‍ ഏറ്റവും പ്രേരണ ചെലുത്തുന്നത് വല്യമ്മ ലുദ്മില്ലയാണെന്നു മനസ്സിലാക്കിയ ഡ്രഗോമീറ വല്യമ്മയെ വധിക്കാന്‍ തീരുമാനിച്ചു. കപ്പേളയില്‍ വച്ച് ശിരോവസ്ത്രം കഴുത്തില്‍ ചുറ്റി ശ്വാസംമുട്ടിച്ച് ഘാതകന്‍ വല്യമ്മയെ വധിച്ചു.
കാര്യങ്ങള്‍ ഇത്രയും വഷളായപ്പോള്‍ 922-ല്‍ ജനങ്ങള്‍ വെഞ്ചസ്ലാവൂസിനെ നിര്‍ബന്ധിച്ചു, അമ്മയില്‍ നിന്ന് അധികാരം ഏറ്റെടുക്കാന്‍. അധികാരം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം ജര്‍മ്മന്‍ മിഷണറിമാരെ തിരിച്ചുവിളിച്ചു. ധൈര്യവും ഊര്‍ജ്ജവും സംഭരിച്ചുകൊണ്ട്, അനുകമ്പയോടെ വെഞ്ചസ്ലാവൂസ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. രാജ്യത്തെ മതപരമായി, ധാര്‍മ്മികമായി സാംസ്‌കാരികമായി ഉയര്‍ത്താന്‍ കഠിനമായി യത്‌നിച്ചു.
ഒട്ടോ ഒന്നാമന്‍ ചക്രവര്‍ത്തിയില്‍നിന്ന് ബൊഹേമിയായുടെ രാജപദവി വെഞ്ചസ്ലാവൂസ് നേടിയെടുത്തു. എന്നാല്‍, അദ്ദേഹത്തിന്റെ ക്രിസ്ത്യന്‍ കാഴ്ചപ്പാട് ഇഷ്ടപ്പെടാതിരുന്ന ഏതാനും പ്രഭുക്കന്മാര്‍ അദ്ദേഹത്തെ എതിര്‍ത്തു. ഇക്കാര്യത്തില്‍ അമ്മ ഡ്രഗോമീറിന്റെ സഹായവും അവര്‍ക്കു ലഭിച്ചു. വെഞ്ചസ്ലാവൂസിന്റെ അനുജന്‍ ബൊലെസ്ലാവും അവരുടെ പക്ഷം ചേര്‍ന്നു. അനുജന്‍ മഹാനിഷേധിയും അവിശ്വാസിയുമായിരുന്നു. ഈ സമയത്ത് വെഞ്ചസ്ലാവൂസിന് ഒരു കുട്ടി ജനിച്ചു. രാജാവാകാനുള്ള തന്റെ അവസരം ഇതോടെ നഷ്ടപ്പെടുകയാണെന്നു മനസ്സിലാക്കിയ ബൊലെസ്ലാവ് ജ്യേഷ്ഠനെ വകവരുത്താന്‍ തന്നെ തീരുമാനിച്ചു. അമ്മ ഡ്രഗോമീര്‍ അവനെ സപ്പോര്‍ട്ടു ചെയ്തു. അങ്ങനെ, ദൈവാലയത്തില്‍, വി. സക്രാരി യുടെ മുമ്പില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന വെഞ്ചസ്ലാവൂസിനെ അനുജന്‍ കുത്തിക്കൊന്നു.
വി. വെഞ്ചസ്ലാവൂസ് ചെക്കോസ്ലോവേക്യയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org