വിശുദ്ധരായ പൈതങ്ങള്‍ : ഡിസംബര്‍ 28

വിശുദ്ധരായ പൈതങ്ങള്‍ : ഡിസംബര്‍ 28
ഹേറോദേസ് രാജാവിന്റെ കല്പനപ്രകാരം വധിക്കപ്പെട്ട കുഞ്ഞുപൈതങ്ങളെയാണ് സഭ ഇന്ന് സ്മരിക്കുന്നത്. യഹൂദന്മാരുടെ രാജാവാകാനുള്ളവന്‍ ബെത്‌ലഹമില്‍ ജനിച്ചിരിക്കുന്നു എന്നുകേട്ട് ഹേറോദേസ് ഞെട്ടിവിറച്ചു. യേശുവിനെ കണ്ടു വന്ദിക്കാനെത്തിയ പൗരസ്ത്യദേശത്തുനിന്നുള്ള ജ്ഞാനികളില്‍നിന്നു വിവരങ്ങളെല്ലാം ഗ്രഹിച്ച ഹേറോദേസ് ഭയപ്പെട്ട്, ബെത്‌ലഹമിലെയും പരിസരപ്രദേശങ്ങളിലെയും രണ്ടു വയസ്സില്‍ താഴെയുള്ള എല്ലാ ആണ്‍കുട്ടികളെയും വധിക്കാന്‍ കല്പന പുറപ്പെടുവിച്ചു. ജനങ്ങളെ സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളാക്കാന്‍ വന്നവന് ഭൂമിയിലെ സ്വത്തുക്കളൊന്നും ആവശ്യമില്ലെന്ന് ഹേറോദേസിന് അറിയില്ലായിരുന്നു.

ഹേറോദേസ് രാജാവ് ക്രൂരതയുടെ അവതാരമായിരുന്നു. അതുകൊണ്ടാണ് അഗസ്റ്റസ് ചക്രവര്‍ത്തി പറഞ്ഞത്, ഹേറോദേസിന്റെ മകനായിരിക്കുന്നതിനേക്കാള്‍ അദ്ദേഹത്തിന്റെ പന്നിയായിരിക്കുന്നതാണ് ഭേദമെന്ന്. കാരണം, സ്വന്തം മക്കളെ വധിക്കാന്‍ കൂസലില്ലാതിരുന്ന അദ്ദേഹം പന്നിയിറച്ചി തിന്നാന്‍ അനുവദിച്ചിരുന്നില്ല. ബി.സി. 35 ലാണ് ജറീക്കോയിലെ ഒരു കുളത്തില്‍ ഹേറോദേസിന്റെ ഒരു അളിയനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 34-ല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ജോസഫ് വധിക്കപ്പെട്ടു. 29-ല്‍ അദ്ദേഹം സ്വന്തം ഭാര്യയായ മറിയാമിനെയും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവളുടെ അമ്മയായ അലക്‌സാണ്ഡ്രയെയും അദ്ദേഹം വധിച്ചു. ബി.സി. 25-ല്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ മറ്റൊരു സഹോദരനായ കോസ്റ്റോബാറിനെയും അദ്ദേഹം വധിച്ചു. കൂടാതെ, സ്വന്തം മക്കളായ അലക്‌സാണ്ഡറിനെയും അരിസ്റ്റോബുളസിനെയും അദ്ദേഹം കാലപുരിക്കയച്ചു. അവസാനം, ബി.സി. 4-ല്‍, അദ്ദേഹം ആത്മഹത്യചെയ്യുന്നതിനു നാലുദിവസം മുമ്പാണ് അന്തിപ്പാത്തര്‍ എന്ന മകനെക്കൂടി അദ്ദേഹം വധിച്ചത്.
ഇത്തരം എണ്ണമറ്റ ക്രൂരതകള്‍ക്കിടയിലാണ് കുഞ്ഞുപൈതങ്ങളെയും ഹേറോദേസ് കൊന്നുകളഞ്ഞത്. അനേകം മാതാപിതാക്കളുടെ അടങ്ങാത്ത വേദനകള്‍ക്ക് അതു കാരണമായെങ്കിലും ജോസേഫൂസിനെ പ്പോലുള്ള ചരിത്രകാരന്മാര്‍ അക്കാര്യം രേഖപ്പെടുത്തുന്നതില്‍ ഒരു പ്രസക്തിയും കണ്ടില്ല. എന്നാല്‍, സഭ അവരെ രക്തസാക്ഷികളായിട്ടാണ് കണക്കാക്കുന്നത്. ക്രിസ്തുവിനുവേണ്ടി അവര്‍ മരണം വരിച്ചതുകൊണ്ടു മാത്രമല്ല, ക്രിസ്തുവിനു പകരമായിട്ടാണ് അവര്‍ മരണം വരിച്ചത് എന്നതുകൊണ്ടാണത്. രക്തം ചിന്തിയുള്ള മരണം അവരുടെ മാമ്മോദീസായായിരുന്നു. അതവര്‍ക്ക് ദൈവിക ജീവന്‍ പ്രദാനം ചെയ്തു.
എത്ര ശിശുക്കള്‍ വധിക്കപ്പെട്ടു എന്ന കൃത്യമായ കണക്കു ലഭിച്ചിട്ടില്ല. എന്നാല്‍, ആ പട്ടണത്തില്‍ അന്ന് ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള ആണ്‍കുട്ടികളുടെ എണ്ണം ഇരുപത്തഞ്ച് എന്നാണ് പണ്ഡിതന്മാര്‍ കണക്കാക്കിയിരിക്കുന്നത്. അതുപോലെതന്നെ, കുഞ്ഞിപ്പൈതങ്ങളുടെ തിരുനാളാഘോഷം തുടങ്ങിയത് എന്നാണെന്നും വ്യക്തമായ രേഖകളില്ല. എങ്കിലും, 485-ലെ ഇതേപ്പറ്റിയുള്ള പരാമര്‍ശം കണ്ടെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ആദ്യകാലത്ത് "കുഞ്ഞുങ്ങളുടെ ബലി"യെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.
ഹേറോദേസിന്റെ ക്രൂരകൃത്യങ്ങള്‍ ആധുനികലോകത്തെ മറ്റൊരു മഹാക്രൂരതയെപ്പറ്റിയുള്ള ചിന്തയിലേക്കാണു നമ്മെ നയിക്കുന്നത്. ദശലക്ഷക്കണക്കിന് ജീവനാണ് ഇന്ന് ഗര്‍ഭത്തില്‍ വച്ചുതന്നെ നശിപ്പിക്കപ്പെടുന്നത്. മദര്‍ തെരേസായുടെ വാക്കുകളില്‍: "ഇന്നു ലോകത്തിലെ സമാധാനം നശിപ്പിക്കുന്ന മഹാക്രൂരകൃത്യം ഭ്രൂണഹത്യയാണ്." ഇതേപ്പറ്റി സഭ പഠിപ്പിക്കുന്നു: "ഗര്‍ഭത്തില്‍ ജീവന്‍ ഉടലെടുക്കുന്ന സമയം മുതല്‍ അതു സംരക്ഷിക്കപ്പെടേണ്ടതാണ്. ഗര്‍ഭചിദ്രവും ഭ്രൂണഹത്യയും മഹാപാതകമാണ്."

യേശു ശിശുക്കളെ തന്റെ അടുത്തേക്കു വിളിച്ചിട്ടു പറഞ്ഞു: ശിശുക്കള്‍ എന്റെ അടുത്തു വരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, സ്വര്‍ഗ്ഗരാജ്യം അവരെപ്പോലുള്ളവരുടേതാണ്.
ലൂക്കാ 18:16

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org