ട്രാന്‍സ്ജെന്‍ഡറുകള്‍ അനുകമ്പയും കരുതലും അര്‍ഹിക്കുന്നവര്‍: കെസിബിസി

ട്രാന്‍സ്ജെന്‍ഡറുകള്‍ അനുകമ്പയും കരുതലും അര്‍ഹിക്കുന്നവര്‍: കെസിബിസി

മറ്റേതൊരു മനുഷ്യനെയുംപോലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരും ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണെന്നും അവര്‍ക്ക് മറ്റേതൊരു പൗരനെയുംപോ ലെ മാന്യമായി ജീവിക്കാനും ജീവിതത്തിന്‍റെ അന്തസ്സ് അനുഭവിക്കാനും അവകാശമുണ്ടെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) അഭിപ്രായപ്പെട്ടു. ട്രാന്‍സ്ജെന്‍റേഴ്സ് കൂടുതലായി അനുകമ്പയും കരുതലും അര്‍ഹിക്കുന്നു. അവര്‍ അധാര്‍മികമായി ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യങ്ങളില്‍ അവരുടെ പ ക്ഷംചേരാനും പരിശീലനം ലഭിച്ച വ്യക്തികളെ അജപാലനകാര്യങ്ങളില്‍ അവരെ സഹഗമിക്കുന്നതില്‍ പ്രോത്സാഹിപ്പിക്കാനും ജൂണ്‍ 6, 7, 8 തീയതികളില്‍ പിഒസിയില്‍ ന ടന്ന കെസിബിസി സമ്മേളനത്തില്‍ തീരുമാനിച്ചു.

ദളിത് വിഭാഗങ്ങളുടെ ശാക്തീകരണത്തിനുവേണ്ടി ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നയങ്ങള്‍ കേരള കത്തോലിക്കാസഭയും പിന്‍തുടരുന്നതാണ്. ബൃഹത്തായ ഒരു ഭവനനിര്‍മ്മാണ പദ്ധതി അവര്‍ക്കായി പ്രാവര്‍ത്തികമാക്കും. മദ്യത്തിന്‍റെ ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവയെക്കുറിച്ച് വ്യക്തതയുള്ള ഒരു നയരേഖ കെസിബിസി തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും മദ്യവിരുദ്ധ ബോധവത്ക്കരണ പരിപാടികള്‍ ശക്തമാക്കുകയും ചെയ്യും. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയമപരമായ എല്ലാ മാര്‍ഗങ്ങളിലൂടെയും മുന്നോട്ട് പോകാന്‍ കെസിബിസി പ്രതിജ്ഞാബദ്ധമാണ്. തടവറയില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയവരുടെ മെച്ചപ്പെട്ട പുനരധിവാസത്തിനായി കെസിബിസിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജീസസ് ഫ്രറ്റേണിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. ആഗോളസഭയില്‍ 2018-ല്‍ നടക്കുന്ന യുവജനങ്ങള്‍ക്കായുള്ള സിനഡിന് ഒരുക്കമായി കേരളസഭയിലെ യുവജനക്കമ്മീഷന്‍റെ നേതൃത്വത്തില്‍ വിവിധങ്ങളായ കര്‍മപദ്ധതികള്‍ക്ക് കെസിബിസി അംഗീകാരം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org