Latest News
|^| Home -> International -> രോഗീശുശ്രൂഷ സഭയുടെ ദൗത്യത്തിന്‍റെ ഭാഗം- ഫ്രാന്‍സിസ് മാര്‍പാപ്പ

രോഗീശുശ്രൂഷ സഭയുടെ ദൗത്യത്തിന്‍റെ ഭാഗം- ഫ്രാന്‍സിസ് മാര്‍പാപ്പ

Sathyadeepam

യേശു തന്‍റെ ഭൗമികദൗത്യത്തിനിടെ രോഗികളെ സുഖപ്പെടുത്തി എന്നതുകൊണ്ടു തന്നെ രോഗീശുശ്രൂഷ സഭയുടെയാകെ ദൗത്യത്തിന്‍റെ ഭാഗമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. തന്‍റെ സൗഖ്യദാനശേഷി യേശു സഭയെ ഏല്‍പിച്ചിട്ടുണ്ട്. യേശുവിന്‍റെ ദാനത്തോടുള്ള പ്രതികരണമാണ് സഭയുടെ രോഗീസേവനദൗത്യം. കര്‍ത്താവിന്‍റെ ദൃഷ്ടിയിലേയ്ക്കും ആര്‍ദ്രതയിലേയ്ക്കും അനുകമ്പയിലേയ്ക്കും രോഗികളെ കൊണ്ടുവരേണ്ടതുണ്ടെന്നു സഭയ്ക്കറിയാം – ലോകരോഗീദിന സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. ഇടവക സമൂഹങ്ങള്‍ മുതല്‍ വന്‍കിട ആതുര ചികിത്സാസ്ഥാപനങ്ങള്‍ വരെ ഇക്കാര്യത്തില്‍ നവീകൃതമായ ആവേശം എപ്പോഴും പ്രകടമാക്കണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടു.

ഫെബ്രുവരി 11-നു ലൂര്‍ദ് മാതാവിന്‍റെ തിരുനാള്‍ ദിനമാണ് സഭ രോഗീദിനമായി ആചരിച്ചു വരുന്നത്. “സഭാ മാതാവ്: ഇതാ നിന്‍റെ മകന്‍, ഇതാ നിന്‍റെ അമ്മ” എന്നതാണ് 2018 രോഗീദിനാചരണത്തിന്‍റെ മുഖ്യപ്രമേയം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് രോഗീദിനാചരണത്തിനു തുടക്കമിട്ടത്.

ശാരീരികവും മാനസികവുമായ രോഗങ്ങളുള്ള അനേകരെ ക്രിസ്തു സുഖപ്പെടുത്തിയതായി മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ദൈവരാജ്യത്തിലെ സമൃദ്ധമായ ജീവന്‍റെ അടയാളം എന്ന നിലയ്ക്കാണ് യേശു രോഗികളെ സുഖപ്പെടുത്തിയത്. എല്ലാ കണ്ണീരും തുടച്ചു മാറ്റപ്പെടുന്ന സ്ഥലമാണ് ദൈവരാജ്യം. യേശുവിന്‍റെ ഹൃദയം എല്ലാവരോടും തുറവുള്ളതാണ്. ആരേയും അത് ഒഴിവാക്കുന്നില്ല. ദൈവരാജ്യത്തിന്‍റെ സന്ദേശം എല്ലാവരോടും പ്രഘോഷിക്കപ്പെടണം. ക്രൈസ്തവരുടെ ഉപവി എല്ലാ മനുഷ്യരേയും ലക്ഷ്യമാക്കുന്നതാകണം. കാരണം എല്ലാ വ്യക്തികളും ദൈവത്തിന്‍റെ മക്കളാണ് – മാര്‍പാപ്പ വിശദീകരിച്ചു.

Leave a Comment

*
*