ട്രംപിനെ മാര്‍പാപ്പ ആവര്‍ത്തിച്ചോര്‍മ്മിപ്പിച്ചത് ലോകസമാധാനത്തെക്കുറിച്ച്

ട്രംപിനെ മാര്‍പാപ്പ ആവര്‍ത്തിച്ചോര്‍മ്മിപ്പിച്ചത് ലോകസമാധാനത്തെക്കുറിച്ച്

മാസങ്ങള്‍ നീണ്ട പലതരം വിശകലനങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വത്തിക്കാന്‍ സന്ദര്‍ശനം യാഥാര്‍ത്ഥ്യമായത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പുവേളയില്‍ ട്രംപിന്‍റെ ചില നയങ്ങളോടു മാര്‍പാപ്പ പരസ്യമായ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. മാര്‍പാപ്പയെ വിമര്‍ശിക്കാന്‍ ട്രംപും മടിച്ചില്ല. ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധതയും മുസ്ലീം വിരുദ്ധതയുമാണ് മാര്‍പാപ്പയുടെ വിമര്‍ശനങ്ങള്‍ക്കു പ്രധാനമായും കാരണമായത്. അതേസമയം ഭ്രൂണഹത്യ പോലുള്ള ജൈവധാര്‍മ്മിക വിഷയങ്ങളിലും മതവിശ്വാസവുമായി ബന്ധപ്പെട്ട സമാനവിഷയങ്ങളിലും കത്തോലിക്കാസഭയുടെ നിലപാടിനോടു യോജിക്കുന്ന നേതാവുമാണ് ട്രംപ്. ഈ പശ്ചാത്തലത്തില്‍ ഇരുവരും തമ്മില്‍ ആദ്യമായി നടക്കുന്ന കൂടിക്കാഴ്ച ലോകം കൗതുകത്തോടെയാണു കാത്തിരുന്നത്. സൗദി അറേബ്യയും ഇസ്രായേലും സന്ദര്‍ശിച്ച ശേഷമാണ് ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുകയെന്ന പ്രധാന ഉദ്ദേശ്യത്തോടെ ട്രംപ് റോമിലെത്തിയത്. തനിക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും അതിനാല്‍ ദ്വിഭാഷിയെ ആവശ്യമുണ്ടെന്നും മാര്‍പാപ്പ ആമുഖമായി ട്രംപിനോടു പറഞ്ഞു. തുടര്‍ന്നു ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു അരമണിക്കൂര്‍ ദീര്‍ഘിച്ച സംഭാഷണം പേപ്പല്‍ ലൈബ്രറിയില്‍ നടന്നത്.

വിവിധ വിഷയങ്ങള്‍ ഇരുവരും സംസാരിച്ചുവെങ്കിലും ലോകസമാധാനത്തിനാണു മാര്‍പാപ്പ കൂടുതല്‍ ഊന്നലേകിയതെന്നു വത്തിക്കാന്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ നിന്നു വ്യക്തമാകുന്നു. സമാധാനവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളില്‍ രാഷ്ട്രീയ സംവാദങ്ങളും മതാന്തരസംഭാഷണങ്ങളുമാണ് നടക്കേണ്ടതെന്നു പാപ്പ പറഞ്ഞു. മധ്യപൂര്‍വദേശത്തെ പ്രശ്നങ്ങളും ക്രൈസ്തവസമൂഹങ്ങളുടെ സംരക്ഷണവും ചര്‍ച്ചാവിഷയമായി.

ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, മരുമകന്‍ ജരെദ് കുഷ്നര്‍ എന്നിവരുണ്ടായിരുന്നു. മാര്‍പാപ്പമാരെ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ക്കു വത്തിക്കാനില്‍ പരമ്പരാഗതമായി ഉണ്ടായിരുന്ന വസ്ത്രധാരണമര്യാദകള്‍ പൂര്‍ണമായും പാലിച്ചാണ് മെലാനിയ എത്തിയതെന്നതു കൗതുകകരമായി. കറുത്ത വസ്ത്രവും കറുത്ത ശിരോവസ്ത്രവും സ്ത്രീകള്‍ക്കുണ്ടായിരിക്കണമെന്നാണ് പരമ്പരാഗതമായ ചിട്ട. എന്നാല്‍ ഇക്കാലത്ത് അതു കര്‍ക്കശമായി പാലിക്കാന്‍ ആരേയും നിര്‍ബന്ധിക്കാറില്ല. രാഷ്ട്രമേധാവികളായ സ്ത്രീകളും രാഷ്ട്രമേധാവികളുടെ ജീവിതപങ്കാളികളും ഈ ചിട്ടകള്‍ പാലിച്ചില്ലെന്നു കരുതി സന്ദര്‍ശനം നിഷേധിക്കാറുമില്ല. പക്ഷേ മെലാനിയ ഈ ചട്ടങ്ങളെല്ലാം പാലിച്ചിരുന്നു. സമാധാനത്തിന്‍റെ ഒരുപകരണമാകണമെന്ന ആശംസയോടെ ഒലിവുചില്ലകള്‍ കൊണ്ടുള്ള ഒരു ഫലകവും സമ്മാനിച്ചാണ് മാര്‍പാപ്പ ട്രംപിനെ യാത്രയാക്കിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org