ട്രംപ്-ഉന്‍ ഉച്ചകോടി: കൊറിയന്‍ സഭ ആഹ്ലാദത്തില്‍

ട്രംപ്-ഉന്‍ ഉച്ചകോടി: കൊറിയന്‍ സഭ ആഹ്ലാദത്തില്‍

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ചെയര്‍മാന്‍ കിം ജോംഗ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും സമാധാനനീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തതില്‍ കൊറിയയിലെ കത്തോലിക്കാസഭാനേതൃത്വം ആഹ്ലാദം പ്രകടിപ്പിച്ചു. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ ശാശ്വത സമാധാനം സ്ഥാപിക്കപ്പെടുവാന്‍ ഈ സംഭാഷണം വഴി തെളിക്കുമെന്ന പ്രത്യാശ മെത്രാന്മാര്‍ പങ്കുവച്ചു. സമാധാനം ഒരു തവണ കരസ്ഥമാക്കുന്ന ഒന്നല്ലെന്നും നിരന്തരമായ ഒരു നിര്‍മ്മാണ പ്രക്രിയയുടെ പേരാണതെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ ഉദ്ധരിച്ചു വ്യക്തമാക്കിയ ദക്ഷിണ കൊറിയന്‍ ആര്‍ച്ചുബിഷപ് കിംഹീ ജുംഗ്, സമാധാനസംഭാഷണങ്ങള്‍ തുടരട്ടെയെന്ന് ആശംസിച്ചു.

ജൂണ്‍ അവസാനവാരത്തില്‍ ദക്ഷിണ കൊറിയന്‍ മെത്രാന്മാര്‍ ദക്ഷിണ കൊറിയയില്‍ ഉത്തര കൊറിയയ്ക്കു വേണ്ടിയുള്ള ഒരു നൊവേന ആരംഭിച്ചിരുന്നു. ഒമ്പതു ദിവസങ്ങളില്‍ ഒമ്പതു നിയോഗങ്ങളുമായിട്ടായിരുന്നു നൊവേന. ഉത്തര കൊറിയയിലെ വേര്‍പെടുത്തപ്പെട്ട കുടുംബങ്ങള്‍, അഭയാര്‍ത്ഥികള്‍, കൊറിയകളുടെ സമാധാനപൂര്‍ണമായ പുനരൈക്യം, സുവിശേഷവത്കരണം തുടങ്ങിയവയായിരുന്നു നിയോഗങ്ങള്‍.

അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ഉച്ചകോടി സാദ്ധ്യമാകണമെന്ന് ഏറ്റവു മധികം ആഗ്രഹിച്ചിരുന്നത് ദക്ഷിണ കൊറിയയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുള്‍പ്പെടെയുള്ള സഭാനേതൃത്വം ഇതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടത്തിയിരുന്നു. ഉച്ചകോടി സുപ്രധാനമായ ഒരു ചുവടുവയ്പാണെന്ന് ദക്ഷിണ കൊറിയയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ആല്‍ഫ്രെഡ് സ്യുറെബ് പ്രസ്താവിച്ചു. കൊറിയന്‍ മേഖലയിലെ സമാധാനസ്ഥാപനശ്രമങ്ങളില്‍ ഇടപെടുക കൂടി ലക്ഷ്യം വച്ചാണ് ആര്‍ച്ചുബിഷപ്പ് സ്യുറെബിനെ മാര്‍പാപ്പ ദക്ഷിണ കൊറിയയില്‍ നിയോഗിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org