ട്രംപിന്‍റെ ദേവാലയസന്ദര്‍ശനം നിശിത വിമര്‍ശനത്തിനിടയാക്കി

ട്രംപിന്‍റെ ദേവാലയസന്ദര്‍ശനം നിശിത വിമര്‍ശനത്തിനിടയാക്കി

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് വാഷിംഗ്ടണിലെ വി. ജോണ്‍ പോള്‍ രണ്ടാമന്‍ തീര്‍ത്ഥകേന്ദ്രം സന്ദര്‍ശിച്ചു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള അമേരിക്കയുടെ സഹായം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഒരു ബില്ലില്‍ ഒപ്പു വയ്ക്കുന്നതിനോടനുബന്ധിച്ചായിരുന്നു ട്രംപിന്‍റ കത്തോലിക്കാ ദേവാലയ സന്ദര്‍ശനം. ഇതു പക്ഷേ, വാഷിംഗ്ടണ്‍ ആര്‍ച്ചുബിഷപ് വില്‍ട്ടണ്‍ ഡി ഗ്രിഗറി ഉള്‍പ്പെടെയുളള സഭാനേതാക്കളുടെ കടുത്ത വിമര്‍ശനത്തിനും ഇടയാക്കി. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി മതത്തേയും പള്ളിയേയും ദുരുപയോഗിക്കുന്ന നാടകമായിരുന്നു ട്രംപിന്‍റേതെന്നാണ് ആര്‍ച്ചുബിഷപ്പിന്‍റെ വിമര്‍ശനം. ഇത്തരമൊരു ഉപജാപത്തിനു വേദിയാകാന്‍ പള്ളി വിട്ടുകൊടുത്തതിനെയും ആര്‍ച്ചുബിഷപ് കുറ്റപ്പെടുത്തി.

ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്ത വംശജനെ അമേരിക്കന്‍ പോലീസ് കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധങ്ങള്‍ക്കിടയിലായിരുന്നു ട്രംപിന്‍റെ പള്ളി സന്ദര്‍ശനം. മതസ്വാതന്ത്ര്യവും എല്ലാവരുടേയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നു ട്രംപിന്‍റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

മാര്‍പാപ്പയായ ശേഷം ജോണ്‍ പോള്‍ രണ്ടാമന്‍ തന്‍റെ മാതൃരാജ്യമായ പോളണ്ടിലേയ്ക്ക് ആദ്യമായി നടത്തിയ സന്ദര്‍ശനത്തിന്‍റെ നാല്‍പത്തൊന്നാം വാര്‍ഷികദിനത്തിലാണ് ട്രംപ് ജോണ്‍ പോള്‍ രണ്ടാമന്‍റെ പേരിലുള്ള തീര്‍ത്ഥകേന്ദ്രത്തിലെത്തിയത്. ആ സന്ദര്‍ശനത്തിലാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മതസ്വാതന്ത്ര്യത്തിന്‍റെ ആവശ്യകത ആഗോളവിഷയമായി ഉയര്‍ത്തിയതും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യഭരണകൂടങ്ങളുടെ തകര്‍ച്ചയ്ക്കുള്ള അരങ്ങൊരുക്കാന്‍ ആരംഭിച്ചതും. ഈ പശ്ചാത്തലത്തിലാണ് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ബില്‍ ഒപ്പു വയ്ക്കുന്നതിനോടു ബന്ധപ്പെട്ട് ട്രംപ് ജോണ്‍ പോള്‍ രണ്ടാമന്‍റെ പേരിലുള്ള പള്ളിയിലെത്തിയത്. എന്നാല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മതസ്വാതന്ത്ര്യത്തിനൊപ്പം മനുഷ്യാവകാശങ്ങളുടേയും വക്താവായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പ്രബോധനങ്ങളെ കുറിച്ച് അറിവില്ലാത്തയാളാണു ട്രംപെന്നും വിമര്‍ശകര്‍ പ്രസ്താവിച്ചു.

വാഷിംഗ്ടണ്‍ ആര്‍ച്ചുബിഷപ് കൂടാതെ മറ്റ് ഏതാനും കാത്തലിക് ബിഷപ്പുമാരും ട്രംപിനെ വിമര്‍ശിച്ചു രംഗത്തു വന്നു. എന്നാല്‍ അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘം ദേവാലയ സന്ദര്‍ശനത്തെ കുറിച്ച് അഭിപ്രായം പറഞ്ഞില്ല. അതേസമയം, കറുത്ത വര്‍ഗക്കാരന്‍റെ കൊലപാതകത്തേയും അതിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിനെയും മെത്രാന്‍ സംഘം നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര മതസ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന തുക പ്രതിവര്‍ഷം അഞ്ചു കോടി ഡോളറായി വര്‍ദ്ധിപ്പിക്കുന്നതാണ് ട്രംപ് ഒപ്പു വച്ച ബില്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org