മതില്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നവര്‍ വഞ്ചകര്‍ – മെക്സിക്കന്‍ സഭ

മതില്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നവര്‍ വഞ്ചകര്‍ – മെക്സിക്കന്‍ സഭ

മെക്സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്ക നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മതിലിന്‍റെ നിര്‍മ്മാണത്തില്‍ ആരും സഹകരിക്കരുതെന്നും അതിനോടു സഹകരിക്കുന്നത് അധാര്‍മ്മികവും സഹകരിക്കുന്നവര്‍ വഞ്ചകരും ആയി പരിഗണിക്കപ്പെടുമെന്നും മെക്സിക്കോ അതിരൂപതാധികൃതര്‍ പ്രസ്താവിച്ചു. ട്രംപിന്‍റെ മതില്‍ നിര്‍മ്മാണത്തിനു നിക്ഷേപം നടത്തുന്ന ഏതു കമ്പനിയെയും അധാര്‍മ്മികമായി കരുതും. അത്തരം കമ്പനികളുടെ ഓഹരിയുടമകളും ഉടമകളും മാതൃരാജ്യത്തെ വഞ്ചിക്കുന്നവരാണ്. സ്വന്തം അന്തസ്സിനു ഗുരുതരമായ ആഘാതമേല്‍പിക്കുന്ന ഈ പദ്ധതിയുമായി സഹകരിക്കുന്നത് സ്വന്തം കാലില്‍ സ്വയം വെടിയുതിര്‍ക്കുന്നതു പോലെയാണ് – അതിരൂപതാ വാര്‍ത്താപത്രത്തില്‍ പറയുന്നു.
മെക്സിക്കോയുടെ ധനവകുപ്പു മന്ത്രിയും ഇതേ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. മതില്‍ നിര്‍മ്മാണത്തിനു വേണ്ടി മെക്സിക്കോ ഒരിക്കലും പണം നല്‍കില്ലെന്നു മെക്സിക്കന്‍ പ്രസിഡന്‍റ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിന് അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുമെന്നത് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുമാനമാണ്. അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘവും മതില്‍ നിര്‍മ്മാണത്തിന് എതിരാണ്. ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധനയങ്ങളെ തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തന്നെ ഫ്രാന്‍സിസ് മാര്‍ പാപ്പ എതിര്‍ത്തിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org