ടൂറിന്‍ കച്ചയില്‍ രക്തത്തിന്‍െറ പാടുകളുണ്ടെന്നു ഗവേഷകര്‍

ടൂറിന്‍ കച്ചയില്‍ രക്തത്തിന്‍െറ  പാടുകളുണ്ടെന്നു ഗവേഷകര്‍

ടൂറിന്‍ കച്ചയില്‍ മര്‍ദ്ദനമേറ്റ ഒരു മനുഷ്യശരീരത്തില്‍ നിന്നുള്ള രക്തത്തിന്‍റെ കറകളുണ്ടെന്ന് പുതിയൊരു ഗവേഷണം സൂചിപ്പിക്കുന്നതായി വാര്‍ത്ത. യേശുക്രിസ്തുവിന്‍റെ മൃതദേഹം പൊതിയാന്‍ ഉപയോഗിച്ചതാണ് ടൂറിനില്‍ സൂക്ഷിച്ചിരിക്കുന്ന കച്ചയെന്നു വിശ്വസിക്കപ്പെടുന്നുണ്ട്. ഇതില്‍ ഒരു മനുഷ്യരൂപത്തിന്‍റെ അവ്യക്ത ചിത്രവുമുണ്ട്. കച്ചയില്‍ കാണുന്ന നാനോ കണങ്ങള്‍ ഈ കച്ചയില്‍ പൊതിയപ്പെട്ട ഇരയെ സൂചിപ്പിക്കുന്നതാണെന്ന് ക്രിസ്റ്റലോഗ്രാഫി ഗവേഷകനായ എല്‍വിയോ കാര്‍ലിനോ പറയുന്നു. ഇവ ആരോഗ്യമുള്ള ഒരു മനുഷ്യന്‍റെ രക്തത്തിന്‍റേതായി കാണാന്‍ കഴിയില്ല. ക്രിയാറ്റിനിന്‍, ഫെറിറ്റിന്‍ എന്നിവയുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യം ഈ കണങ്ങളിലുണ്ട്. നിരവധി മര്‍ദ്ദനങ്ങള്‍ ഏറ്റ രോഗികളിലും മറ്റുമാണ് ഇവ ഈ തോതില്‍ കാണപ്പെടുക. അതിനാല്‍ കച്ചയില്‍ പൊതിയപ്പെട്ടത് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കു ശേഷം കൊല്ലപ്പെട്ട ഒരാളായിരിക്കാനാണു സാദ്ധ്യതയെന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

മധ്യയുഗങ്ങളില്‍ കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടതാണ് ടൂറിനിലെ കച്ചയും അതിലെ അടയാളങ്ങളും എന്ന വാദത്തെ ഖണ്ഡിക്കുന്നതാണ് ഈ കണ്ടെത്തല്‍. തങ്ങള്‍ കണ്ടെത്തിയതുപോലുള്ള കണങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കാന്‍ കഴിയുന്നതല്ലെന്നു ഗവേഷകര്‍ പറയുന്നു. "ടൂറിന്‍ കച്ചയുടെ ആറ്റമിക് റെസൊല്യൂഷന്‍ പഠനങ്ങളില്‍ നിന്നുള്ള പുതിയ ജൈവ ശാസ്ത്ര തെളിവുകള്‍" എന്ന പേരില്‍ ഒരു അന്താരാഷ്ട്ര ശാസ്ത്ര ജേണലിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. കച്ചയെ കുറിച്ച് ഇതിനകം എണ്ണമറ്റ ഗവേഷണങ്ങള്‍ നടന്നു കഴിഞ്ഞിട്ടുണ്ട്.

ടൂറിന്‍ കച്ച ധാരാളം തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും കത്തോലിക്കാസഭ ഇതിനെ സംബന്ധിച്ച് ഔദ്യോഗികമായ ഒരു നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല. ടൂറിനിലെ സെ. ജോണ്‍ ബാപ്റ്റിസ്റ്റ് കത്തീഡ്രലിലാണ് കച്ച സൂക്ഷിച്ചിട്ടുള്ളത്. 2015-ല്‍ കത്തീഡ്രല്‍ സന്ദര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനു മുമ്പില്‍ നിന്നു പ്രാര്‍ത്ഥിച്ചിരുന്നു. പീഡകള്‍ സഹിച്ചു മരിച്ച ക്രിസ്തുവിന്‍റെ മുഖത്തേയ്ക്കും ശരീരത്തിലേയ്ക്കുമാണ് ഈ കച്ച നമ്മുടെ ശ്രദ്ധ തിരിക്കുന്നതെന്ന് അന്നു തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ടു മാര്‍പാപ്പ പറഞ്ഞു. അതേസമയം, സഹിക്കുകയും അന്യായമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സകല മനുഷ്യരിലേയ്ക്കും കൂടി അതു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. യേശുവിന്‍റെ സ്നേഹവും നമ്മെ അതേ ദിശയിലേയ്ക്കാണു നയിക്കുന്നത്. – മാര്‍പാപ്പ അന്നു വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org