Latest News
|^| Home -> National -> ഉദയ്നഗറില്‍ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ പ്രഥമ തിരുനാള്‍

ഉദയ്നഗറില്‍ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ പ്രഥമ തിരുനാള്‍

Sathyadeepam

വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ പ്രഥമ തിരുനാള്‍ ഇന്‍ഡോറിലെ ഉദയ്നഗറില്‍ സിസ്റ്ററിന്‍റെ കബറിടം സ്ഥിതിചെയ്യുന്ന ദേവാലയത്തില്‍ ആഘോഷിച്ചു. ആറു മെത്രാന്മാരും നിരവധി വൈദികരും തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇരുനൂറില്‍പരം സന്യാസിനികളും രണ്ടായിരത്തോളം ജനങ്ങളും സന്നിഹിതരായിരുന്നു.

വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ ദരിദ്രരോടു ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഭാമക്കള്‍ക്ക് വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ വലിയ പ്രചോദനമാണെന്ന് വചനസന്ദേശത്തില്‍ നാഗ്പൂര്‍ ആര്‍ച്ചുബിഷപ് ഡോ. എബ്രാഹം വിരുതുകുളങ്ങര പറഞ്ഞു. പീഡനങ്ങളുടെ നടുവിലും ഒരു ശക്തിക്കും നമ്മുടെ മിഷനറി പ്രവര്‍ത്തനങ്ങളെ തടയാനാവില്ലെന്ന സന്ദേശമാണ് വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ നല്‍കുന്നതെന്നും ആര്‍ച്ചുബിഷപ് അനുസ്മരിപ്പിച്ചു.

1995 ഫെബ്രുവരി 25-നാണ് സമീന്ദര്‍ സിംഗ് എന്ന വാടക കൊലയാളി സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ 54 കുത്തുകളേറ്റാണ് സിസ്റ്റര്‍ മരിച്ചത്. ദരിദ്രരും നിരക്ഷരരുമായ ഗ്രാമീണര്‍ക്കിടില്‍ അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സിസ്റ്ററിനെ കൊലപ്പെടുത്താന്‍ ഭൂവുടമകള്‍ സമീന്ദര്‍ സിംഗിനെ ഉപയോഗിക്കുകയായിരുന്നു. ഇയാള്‍ പിന്നീട് മാനസാന്തരപ്പെടുകയുണ്ടായി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭാംഗമായ സിസ്റ്റര്‍ റാണി മരിയയെ വത്തിക്കാന്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്.

വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ പ്രഥമ തിരുനാള്‍ ആഘോഷങ്ങള്‍ സിസ്റ്ററിന്‍റെ ജന്മനാടായ പുല്ലുവഴി സെന്‍റ് തോമസ് പള്ളിയിലും നടന്നു. സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരുനാള്‍ കൊടിയേറ്റി. തിരുസ്വരൂപം വെഞ്ചെരിപ്പ്, ദിവ്യബലി, നൊവേന, ലദീഞ്ഞ്, തിരുശേഷിപ്പ് പേടകം പ്രതിഷ്ഠിക്കല്‍ എന്നിവയ്ക്കും അദ്ദേഹം കാര്‍മികനായിരുന്നു. തിരുനാള്‍ ദിവസം ദിവ്യബലിക്ക് സീറോ മലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ മുഖ്യകാര്‍മികനായിരുന്നു.

Leave a Comment

*
*