ഉഗാണ്ടയില്‍ രക്തസാക്ഷികളുടെ തിരുനാളിനു 40 ലക്ഷം വിശ്വാസികളെത്തി

ഉഗാണ്ടയില്‍ രക്തസാക്ഷികളുടെ  തിരുനാളിനു 40 ലക്ഷം വിശ്വാസികളെത്തി

ഉഗാണ്ടയില്‍ രക്തസാക്ഷികളുടെ തിരുനാളില്‍ സംബന്ധിക്കാന്‍ വിമാനം മുതല്‍ കാല്‍നട വരെയുള്ള വിവിധ യാത്രാമാര്‍ഗങ്ങളിലൂടെ എത്തിച്ചേര്‍ന്നത് 40 ലക്ഷം വിശ്വാസികള്‍. നമുഗോംഗോ ബസിലിക്കയില്‍ നടന്ന ആഘോഷങ്ങളിലേയ്ക്ക് ഉഗാണ്ടയ്ക്കു പുറമെ മലാവി, താന്‍സാനിയ, കെനിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, സിംബാബ്വേ, കോംഗോ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. എല്ലാ വര്‍ഷവും ഉഗാണ്ടന്‍ രക്തസാക്ഷികളുടെ തിരുനാളിന് ആയിരക്കണക്കിനാളുകള്‍ കാല്‍ നടയായി വരാറുണ്ട്. ഈ വര്‍ഷവും അവരുടെ എണ്ണം വര്‍ദ്ധിച്ചു.

1885-നും 87-നും ഇടയ്ക്കു കൊല്ലപ്പെട്ട 24 കത്തോലിക്കാ രക്തസാക്ഷികളുടെ ഓര്‍മ്മയാണ് ഈ തിരുനാളില്‍ കൊണ്ടാടുന്നത്. രാജഭരണം നിലവിലിരുന്ന ഇതേ കാലഘട്ടത്തില്‍ 23 ആംഗ്ലിക്കന്‍ വിശ്വാസികളും കൊല്ലപ്പെട്ടിരുന്നു. യൂറോപ്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനഫലമായി ക്രൈസ്തവമതം സ്വീകരിച്ചവരെ രാജാവിന്‍റെ സൈന്യം കൊലയ്ക്കിരയാക്കുകയായിരുന്നു. പലരേയും ഭീകരമായ മര്‍ദ്ദനങ്ങള്‍ക്കു ശേഷമാണ് കൊലപ്പെടുത്തിയത്. 1920-ലാണ് രക്തസാക്ഷികളിലെ ഒരു വിഭാഗത്തെ ആദ്യമായി വിശുദ്ധരായി പ്രഖ്യാപിച്ചത്. അവശേഷിക്കുന്നവരെ 1964-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും രണ്ടു പേരെ 2002-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും വിശുദ്ധരായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org