ഉജ്ജയിനില്‍ മിഷന്‍ ആശുപത്രിക്ക് നേരെ അതിക്രമം

ഉജ്ജയിനില്‍ മിഷന്‍ ആശുപത്രിക്ക് നേരെ അതിക്രമം

ഉജ്ജയിന്‍ ബിഷപ്സ് ഹൗസിനോടു ചേര്‍ന്നുള്ള പുഷ്പസദന്‍ മിഷന്‍ ആശുപത്രിക്കു നേരെ സംഘപരിവാറിന്‍റെ നേതൃത്വത്തില്‍ ആക്രമണം. ആശുപത്രിയുടെ ഗേറ്റും മതിലും തകര്‍ത്ത ഒരു കൂട്ടം ഗുണ്ടകള്‍ ജെസിബി വച്ച് അവ ഇടിച്ചു നിരത്തി. ആശുപത്രി മുറ്റം കൈയേറിയ അക്രമികള്‍ കോണ്‍ക്രീറ്റു കാലുകള്‍ നാട്ടി സ്ഥലം കൈവശമാക്കി. മാരകായുധങ്ങളുമായാണ് അക്രമികള്‍ എത്തിയത്. ആശുപത്രിയുടെ ജനറേറ്ററും അക്രമികള്‍ തകര്‍ത്തു. ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗങ്ങളിലേക്ക് ഉള്‍പ്പെടെ വൈദ്യുതി, കുടിവെള്ള സംവിധാനങ്ങള്‍ വിഛേദിക്കുകയും ചെയ്തു. ആശുപത്രിയിലേക്കുള്ള വാഹനഗതാഗതം തടസപ്പെടുത്തി ഗേറ്റിനു സമീപം വലിയ കുഴികള്‍ നിര്‍മിച്ചു. കയ്യേറിയ സ്ഥലം കമ്പിവേലി കെട്ടിയും തിരിച്ചു. ആശുപത്രി ഡയറക്ടറുടെ താമസസ്ഥലം ഉള്‍പ്പെടെയുള്ള ഭാഗം അക്രമികള്‍ അടച്ചു.

കത്തികളും സൈക്കിള്‍ ചെയിനും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് സംഘം എത്തിയത്. എതിര്‍ക്കാന്‍ ശ്രമിച്ച കന്യാസ്ത്രീകളടക്കമുള്ള നഴ്സുമാരെ മര്‍ദ്ദിച്ചു. ബിജെപി നേതാവായ സ്ഥലം എംപിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അതിക്രമങ്ങള്‍ അരങ്ങേറിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയുടെ മുന്‍വശത്തെ സ്ഥലത്തെച്ചൊല്ലി തര്‍ക്കമുതിര്‍ത്ത് എംപി യുടെ പ്രൈവറ്റ് സെക്രട്ടറി അതു കയ്യേറാന്‍ മുമ്പും ശ്രമിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കേസ് കോടതിയില്‍ നിലവിലുണ്ട്. ആറു പതിറ്റാണ്ടായി രൂപതയുടെ കൈവശമുള്ളതും ഉപയോഗിച്ചുവരുന്നതുമായ ഭൂമിയിലാണു കയ്യേറ്റം ഉണ്ടായത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org