യു കെ യില്‍ വയോധികരെ മരിക്കാന്‍ വിടുന്നുവെന്നു ഡോക്ടറായ വൈദികന്‍

യു കെ യില്‍ വയോധികരെ മരിക്കാന്‍ വിടുന്നുവെന്നു ഡോക്ടറായ വൈദികന്‍

ബ്രിട്ടനിലെ വൃദ്ധരുടെ നഴ്സിംഗ് ഹോമുകളില്‍ കോവിഡ് ബാധിതരായി കഴിയുന്നവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കുന്നതിനു പകരം മരിക്കാന്‍ വിടുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നു കത്തോലിക്കാ വൈദികനും ന്യൂറോ സര്‍ജനുമായ ഫാ. പാട്രിക് പുല്ലിസിനോ പറഞ്ഞു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ യുകെയുടെ ആരോഗ്യവകുപ്പില്‍ സന്നദ്ധ സേവനത്തിനായി തിരികെ ഡോക്ടര്‍ ജോലിയില്‍ പ്രവേശിച്ചയാളാണ് ഫാ. പാട്രിക്. സേവനമാരംഭിച്ച ശേഷം അദ്ദേഹം കോവിഡ് ബാധിതനാകുകയും അതു സുഖപ്പെട്ടതിനു ശേഷം വീണ്ടും ഹോസ്പിറ്റലില്‍ ജോലിയാരംഭിക്കുകയും ചെയ്തു. ലണ്ടനിലെ നൈറ്റിംഗേല്‍ ആശുപത്രിയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിനു പത്തു ദിവസം കൊണ്ടു നിര്‍മ്മിച്ച. 4000 ബെഡുകളുള്ള ആശുപത്രിയാണിത്. ഇത്തരത്തില്‍ ഏഴു ആശുപത്രികള്‍ ബ്രിട്ടനില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഈ ആശുപത്രികളില്‍ നിരവധി ബെഡുകള്‍ ഒഴിവുള്ളപ്പോഴും അവ വൃദ്ധര്‍ക്കു വേണ്ടി പ്രയോജനപ്പെടുത്തുന്നില്ലെന്നു ഫാ. പാട്രിക് കുറ്റപ്പെടുത്തുന്നു.

അമേരിക്കയിലെ ന്യൂ ജെഴ്സി മെഡിക്കല്‍ കോളേജില്‍ ന്യൂറോ സര്‍ജറി വിഭാഗം മേധാവിയായിരുന്ന ഫാ. പാട്രിക് രണ്ടു വര്‍ഷം മുമ്പു വൈദ്യസേവനത്തില്‍ നിന്നു വിരമിക്കുകയും കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ സൗത്ത്വാര്‍ക്ക് അതിരൂപതാ വൈദികനായി പട്ടം സ്വീകരിക്കുകയുമായിരുന്നു. വിരമിച്ച ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തിരിച്ചു വരണമെന്ന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന അനുസരിച്ചു ആശുപത്രിയില്‍ വീണ്ടും ജോലി സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

നഴ്സിംഗ് ഹോമിലുള്ള ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചാല്‍ അവരെ നിരീക്ഷിക്കുകയും നിശ്ചിത ഘട്ടം കഴിഞ്ഞാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമാണു വേണ്ടതെന്നു ഫാ. പാട്രിക് പറഞ്ഞു. നഴ്സിംഗ് ഹോമുകളില്‍ ശ്വാസംമുട്ടും ന്യൂമോണിയയും സഹിച്ചു മരിക്കാന്‍ വിടുകയല്ല വേണ്ടത്. പക്ഷേ അതാണിപ്പോള്‍ സംഭവിക്കുന്നത്-അദ്ദേഹം കുറ്റപ്പെടുത്തി.

വീടുകളില്‍ വച്ചു കോവിഡ് ബാധിതരാകുന്ന വൃദ്ധരെ ആശുപത്രികളിലേയ്ക്കു മാറ്റുന്നതിനു പകരം വൃദ്ധര്‍ക്കുള്ള നഴ്സിംഗ് ഹോമുകളിലേയ്ക്കു മാറ്റണമെന്നാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് ആരോഗ്യവകുപ്പു നല്‍കിയ മാര്‍ഗനിര്‍ദേശം. തങ്ങളുടെ ആരോഗ്യസ്ഥിതി വഷളാകുന്ന പക്ഷം ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയോ കൃത്രിമശ്വാസം നല്‍കുകയോ വേണ്ടെന്നു പറയുന്ന ഫോമുകളില്‍ ഒപ്പുവയ്ക്കാന്‍ ഡോക്ടര്‍മാര്‍ വൃദ്ധരോഗികളെ പ്രേരിപ്പിക്കുന്നുവെന്ന വിവരം പുറത്തു വരികയുണ്ടായി. ഇതു സംബന്ധിച്ച് പരസ്യമായ അന്വേഷണം വേണമെന്നു ഫാ. പാട്രിക് ആവശ്യപ്പെട്ടു. വൃദ്ധമന്ദിരങ്ങളിലെ മരണനിരക്ക് വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നും നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് വൃദ്ധരായ രോഗികളെ ഉപേക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രോഗികളോടു പ്രായത്തിന്‍റെ പേരില്‍ വിവേചനം കാണിക്കരുതെന്നു ഇംഗ്ലണ്ടിലെ കത്തോലിക്കാസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org