സഭാവിഭജനം ഉക്രെയിനില്‍ സംഘര്‍ഷമുണ്ടാക്കുന്നു

ഉക്രെയിനിലെ ഓര്‍ത്തഡോക്സ് സഭ, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍നിന്നു വേര്‍പെട്ട് സ്വതന്ത്രസഭയായി രൂപംകൊണ്ടത് സംഘര്‍ഷങ്ങള്‍ക്കു കാരണമാകുന്നു. മോസ്കോ പാത്രിയര്‍ക്കേറ്റുമായുള്ള ബന്ധം തുടരാന്‍ വിശ്വാസികളിലൊരു വിഭാഗം തീരുമാനിക്കുന്നതാണ് സംഘര്‍ഷങ്ങള്‍ക്കു കാരണം. മോസ്കോ പാത്രിയര്‍ക്കേറ്റുമായി ചേര്‍ന്നു നില്‍ക്കാന്‍ തീരുമാനിക്കുന്നവരുടെ പള്ളികള്‍ക്കും ആരാധനകള്‍ക്കും നേരെ അക്രമസംഭവങ്ങളുണ്ടായി. മതവിശ്വാസത്തിനു പുറമെ രാഷ്ട്രീയവും ദേശീയതയും ചേര്‍ന്ന സങ്കീര്‍ണമായ ഒരു സാഹചര്യമാണ് സഭയിലെ പിളര്‍പ്പ് സംജാതമാക്കിയിരിക്കുന്നത്.

മോസ്കോ പാത്രിയര്‍ക്കേറ്റിനു കീഴില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരും അല്ലാത്തവരുമെന്ന ഭിന്നത വരുമ്പോള്‍ ഉക്രെയിനിലുള്ള ആയിരകണക്കിനു പള്ളികളും അവയുടെ സ്വത്തും ആര്‍ക്കു ലഭിക്കും, എങ്ങനെ പങ്കുവയ്ക്കും എന്നതാണു പ്രശ്നത്തിന്‍റെ കാതല്‍. പതിനേഴാം നൂറ്റാണ്ടു മുതല്‍ തന്നെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമായിരുന്നു ഉക്രെയിനിലെ ഓര്‍ത്തഡോക്സ് വിശ്വാസികള്‍. സോവ്യറ്റ് യൂണിയന്‍റെ തകര്‍ച്ചയോടെ ഇതില്‍ പ്രശ്നങ്ങളാരംഭിച്ചു. മോസ്കോ പാത്രിയര്‍ക്കേറ്റില്‍ നിന്നു വേര്‍പെട്ട് സ്വതന്ത്ര ഓര്‍ത്തഡോക്സ് സഭകള്‍ ഉക്രെയിനില്‍ സ്ഥാപിതമായി. ഇവയെയെല്ലാം സംയോജിപ്പിച്ച് ഒരു ഉക്രെയിന്‍ ഓര്‍ത്തഡോക്സ് സഭ സ്ഥാപിക്കാനുള്ള നീക്കം, ഉക്രെയിന്‍ ഭരണാധികാരികളുടെ പിന്തുണയോടെ വിജയിച്ച ഘട്ടത്തിലാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

കിഴക്കന്‍ ഉക്രെയിനില്‍ ഭരണകൂടത്തിനെതിരെ പോരാടിയ വിമതര്‍ക്ക് റഷ്യ പിന്തുണ നല്‍കിയത് ഉക്രെയിന്‍ ദേശീയവാദികളായ വിശ്വാസികള്‍ക്ക് മോസ്കോ പാത്രിയര്‍ക്കേറ്റിനോടു വലിയ അകല്‍ച്ചയുണ്ടാക്കി. ഈ യുദ്ധത്തില്‍ 10,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് റഷ്യന്‍ സഭയ്ക്ക് ഉക്രെയനില്‍ തുടരാന്‍ യാതൊരവകാശവുമില്ലെന്ന് അവര്‍ വാദിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org