സംഭാഷണത്തിലധിഷ്ഠിതമായ ശക്തമായ നേതൃത്വം യു എന്‍ ലോകത്തിനു നല്‍കണം -മാര്‍പാപ്പ

സംഭാഷണത്തിലധിഷ്ഠിതമായ ശക്തമായ നേതൃത്വം യു എന്‍ ലോകത്തിനു നല്‍കണം -മാര്‍പാപ്പ

സംഭാഷണത്തിലും നയതന്ത്രത്തിലും അധിഷ്ഠിതമായ ശക്തമായ നേതൃത്വം ലോകത്തിനു നല്‍കാന്‍ ഐക്യരാഷ്ട്ര സഭാനേതൃത്വം തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍ പാപ്പ പ്രസ്താവിച്ചു. സംഘര്‍ഷങ്ങളുടെയും ആണവയുദ്ധസാദ്ധ്യതകളുടെയും പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ ഈ അഭിപ്രായപ്രകടനം. ഈജിപ്തിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വത്തിക്കാനിലേയ്ക്കു മടങ്ങുമ്പോള്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നതാണ് തന്‍റെ എക്കാലത്തേയും നിലപാടെന്നു മാര്‍ പാപ്പ വ്യക്തമാക്കി. യുഎന്‍ നേതൃത്വം ഇപ്പോള്‍ അല്‍പം ബലഹീനമായിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ലോകയുദ്ധം വിവിധ കഷണങ്ങളായി നടക്കുകയാണെന്നു താന്‍ രണ്ടു വര്‍ഷമായി പറഞ്ഞു വരികയാണെന്നു മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. പക്ഷേ ഇപ്പോള്‍ ആ കഷണങ്ങള്‍ വലുതായിരിക്കുന്നു. അവ ശക്തിയാര്‍ജിച്ചിരിക്കുന്നു. ഇതിനകം പ്രശ്നഭരിതമായി കഴിഞ്ഞ സ്ഥലങ്ങളില്‍ അവ കേന്ദ്രീകരിക്കുന്നു. ഉത്തര കൊറിയന്‍ മിസ്സൈലുകളുടെ പ്രശ്നം പോലെ പലതും വളരെ ചൂടു പിടിച്ചിരിക്കുന്നു – മാര്‍ പാപ്പ ചൂണ്ടിക്കാട്ടി.

മധ്യപൂര്‍വദേശത്തെ പ്രശ്നങ്ങള്‍, വെനിസ്വേലായിലെ പ്രശ്നങ്ങള്‍ എന്നിവയും മാധ്യമസമ്മേളനത്തില്‍ മാര്‍പാപ്പ പരാമര്‍ശിച്ചു. ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പ കെയ്റോയിലെ അല്‍ അസ്ഹര്‍ സര്‍വകലാശാല തലവനും ഗ്രാന്‍ഡ് ഇമാമുമായ അഹമ്മദ് എല്‍ തയ്യിബുമായി കൂടിക്കാഴ്ച നടത്തി. സുന്നി മുസ്ലീങ്ങളുടെ പരമോന്നത മതപണ്ഡിതനായി കരുതപ്പെടുന്ന ഇമാമുമായുള്ള മാര്‍പാപ്പയുടെ കൂടിക്കാഴ്ച ലോകം ഉറ്റുനോക്കുന്നതായിരുന്നു. ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദെല്‍ ഫത്താ എല്‍-സിസി, ഈജിപ്തിലെ ഏറ്റവും വലിയ ക്രൈസ്തവസഭയായ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ അദ്ധ്യക്ഷന്‍ പോപ് തവദ്രോസ് എന്നിവരുമായും മാര്‍പാപ്പ കൂടിക്കാഴ്ചകള്‍ നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org