യു എസ് മെത്രാന്‍ സംഘത്തിനു പുതിയ മേധാവികള്‍

അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ പുതിയ പ്രസിഡന്‍റായി ലോസാഞ്ചലസ് ആര്‍ച്ചുബിഷപ് ജോസ് ഗോമസിനെയും വൈസ് പ്രസിഡന്‍റായി ഡെട്രോയിറ്റ് ആര്‍ച്ചുബിഷപ് അലെന്‍ വിഞെറോണിനെയും തിരഞ്ഞെടുത്തു. മൂന്നു വര്‍ഷത്തേയ്ക്കാണു കാലാവധി. സൈനികസേവന അതിരൂപതയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് തിമോത്തി ബ്രോഗ്ലിയോ ആണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ രണ്ടാമതായത്.

67 കാരനായ ആര്‍ച്ചുബിഷപ് ജോസ് ഗോമെസ് മെക്സിക്കോയിലാണു ജനിച്ചത്. സ്പെയിനില്‍ വച്ച് ഓപുസ് ദേയി വൈദികനായാണ് അദ്ദേഹം അഭിഷേകം സ്വീകരിച്ചത്. അമേരിക്കന്‍ മെത്രാന്‍ സംഘത്തിന്‍റെ തലവനാകുന്ന ആദ്യത്തെ ലാറ്റിനമേരിക്കന്‍ വംശജനും കുടിയേറ്റക്കാരനുമാണ് ആര്‍ച്ചുബിഷപ് ഗോമെസ്. കുടിയേറ്റ-അഭയാര്‍ത്ഥിത്വ വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ കര്‍ക്കശ നിലപാടുകളെ അമേരിക്കന്‍ സഭ വിമര്‍ശിച്ചു വരികയാണ്. മെക്സിക്കന്‍-അമേരിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനും കുടിയേറ്റം പൂര്‍ണമായി തടയാനും ഒരുങ്ങുകയാണ് ട്രംപ്. സഭ ഇതിനെ എതിര്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ മെക്സിക്കോയില്‍ നിന്നുള്ള ഒരു കുടിയേറ്റക്കാരന്‍ തന്നെ മെത്രാന്‍ സംഘത്തിന്‍റെ തലപ്പത്തെത്തുന്നത് ശ്രദ്ധേയമാകും. കുടിയേറ്റക്കാരോട് അനുഭാവം പുലര്‍ത്തണമെന്നും അതിര്‍ത്തിയുടെ ഇരുഭാഗത്തും ബന്ധുക്കളും സുഹൃത്തുക്കളുമുള്ളയാളാണു താനെന്നും പറഞ്ഞിട്ടുള്ളയാളാണ് ആര്‍ച്ചുബിഷപ് ഗോമെസ്.

ആഗോളസഭയിലെ ഏറ്റവും പ്രബലമായ ദേശീയ മെത്രാന്‍ സംഘമാണ് അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘം. കോടികണക്കിനു ഡോളര്‍ ഓരോ വര്‍ഷവും അന്താരാഷ്ട്ര സഹായമായി വിതരണം ചെയ്യുന്നുണ്ട് അമേരിക്കന്‍ കത്തോലിക്കാസഭ. മിതവാദികളായ യാഥാസ്ഥിതികരായി അറിയപ്പെടുന്നവരാണ് അമേരിക്കന്‍ മെത്രാന്മാരുടെ പുതിയ നേതാക്കന്മാര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org