യുഎസ് കുടിയേറ്റ വിരുദ്ധതയ്ക്കെതിരെ യുഎസ് മെക്സിക്കന്‍ മെത്രാന്മാര്‍

അതിര്‍ത്തികടന്ന് അഭയാര്‍ത്ഥികളായി അമേരിക്കയിലെത്തിയിരിക്കുന്ന മെക്സിക്കന്‍ പൗരന്മാരെ പിടികൂടി മെക്സിക്കോയിലേക്ക് മടക്കിവിടാനുള്ള യുഎസ് സര്‍ക്കാര്‍ നീക്കത്തെ അമേരിക്കയിലെയും മെക്സിക്കോയിലെയും കത്തോലിക്കാ മെത്രാന്മാര്‍ സംയുക്തമായി എതിര്‍ക്കുന്നു. നിയമവിരുദ്ധമായി അതിര്‍ത്തി കടന്നതിന് കോടതി നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് ഇവര്‍. കോടതിയുടെ അന്തിമവിധി തീര്‍പ്പിനു കാത്തിരിക്കാതെ, കുടിയേറ്റക്കാരെ മടക്കി വിടാനാണ് യുഎസ് സര്‍ക്കാര്‍ തീരുമാനം. ഇതു ശരിയല്ലെന്ന് സഭാനേതൃത്വം പറയുന്നു.

കുടിയേറ്റക്കാരെ കുറ്റവാളികളായി കരുതുന്നതിനെതിരെയും മെത്രാന്മാര്‍ ശക്തമായി പ്രതികരിച്ചു. ഈ സഹോദരങ്ങളില്‍ സഹിക്കുന്ന ക്രിസ്തുവിനെ കാണാന്‍ കഴിയണമെന്നും സഹായമര്‍ഹിക്കുന്ന സമയത്ത് അവര്‍ക്കു പിന്തുണ നല്കണമെന്നും മെത്രാന്മാര്‍ ആവശ്യപ്പെട്ടു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നതിന്‍റെ പേരിലാണ് പലരും കുടിയേറ്റത്തിനെത്തുന്നത്. അവരുടെ സഹനം പിന്നെയും വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ ആരും സ്വീകരിച്ചു കൂടാ – മെത്രാന്മാര്‍ പറഞ്ഞു.

അമേരിക്കയിലെ യാഥാസ്ഥിതികരായ കത്തോലിക്കരുടെ പൊതുവികാരം കുടിയേറ്റത്തിനെതിരാണ്. ഇവരുടെ അപ്രീതിപിടിച്ചുപറ്റുമെന്നറിഞ്ഞുകൊണ്ടുതന്നെയാണ് മെത്രാന്മാര്‍ സഹിക്കുന്നവരുടെ പക്ഷം പിടിക്കുന്നത്. കുടിയേറ്റത്തെ സംബന്ധിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടും അമേരിക്കന്‍ സഭയ്ക്ക് പ്രോത്സാഹനമേകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org