യു എസ്-മെക്സിക്കോ അതിര്‍ത്തിയില്‍ സൈന്യവിന്യാസത്തിനെതിരെ സഭ

യു എസ്-മെക്സിക്കോ അതിര്‍ത്തിയില്‍  സൈന്യവിന്യാസത്തിനെതിരെ സഭ

മെക്സിക്കന്‍ അതിര്‍ത്തിയില്‍ നാഷണല്‍ സെക്യൂരിറ്റി വിഭാഗത്തെ വിന്യസിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുമാനത്തെ അമേരിക്കയിലെയും മെക്സിക്കോയിലെയും കത്തോലിക്കാ സഭാദ്ധ്യക്ഷന്മാര്‍ ഒരേ ശബ്ദത്തില്‍ അപലപിച്ചു. അമേരിക്കന്‍ ഭരണകൂടത്തിന് അപമാനമാണ് ചിന്താശൂന്യമായ ഈ പ്രവൃത്തിയെന്ന് സാന്‍ അന്‍റോണിയോ ആര്‍ച്ചുബിഷപ് ഗുസ്താവോ ഗാര്‍സിയ സില്ലെര്‍ കുറ്റപ്പെടുത്തി. ഭീതിയും എല്ലാവരും ശത്രുക്കളാണെന്ന സന്ദേശവുമാണ് ഈ നടപടി നല്‍കുന്നതെന്നും ശരിയായ അമേരിക്കന്‍ ചൈതന്യത്തിനു ചേര്‍ന്നതല്ല ഇതെന്നും ആര്‍ച്ചുബിഷപ് അഭിപ്രായപ്പെട്ടു. സ്വന്തം രാജ്യത്തിന്‍റെ അതിര്‍ത്തി സംരക്ഷിക്കാന്‍ തങ്ങള്‍ക്കു ബാദ്ധ്യതയുണ്ടെന്നും രാജ്യത്തിലേയ്ക്ക് ആരൊക്കെ വരുന്നുവെന്ന് അറിയേണ്ടതുണ്ടെന്നും സൈന്യവിന്യാസത്തിനുള്ള ഉത്തരവില്‍ ട്രംപ് വിശദീകരിച്ചിരുന്നു.

2017 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നു ലക്ഷം പേര്‍ അതിര്‍ത്തി കടക്കുന്നതിനിടെ പിടിയിലായിരുന്നു. 1971-നു ശേഷം ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. ഇപ്രകാരം എണ്ണം കുറഞ്ഞു വരുന്നതിനിടെ കര്‍ക്കശമായ നടപടികള്‍ അനാവശ്യമാണെന്ന നിലപാടാണ് സഭയ്ക്കുള്ളത്. സൈനികവത്കരിക്കപ്പെട്ട അതിര്‍ത്തികള്‍ ലാറ്റിനമേരിക്കന്‍ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുമെന്ന ആശങ്ക ലാറ്റിനമേരിക്കന്‍ മെത്രാന്മാര്‍ പ്രകടിപ്പിക്കുന്നു. പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോഴും വിദേശരാജ്യങ്ങളുടെ ആക്രമണമുണ്ടാകുമ്പോഴും സംരക്ഷണത്തിനെത്തേണ്ട നാഷണല്‍ സെക്യൂരിറ്റി ട്രൂപ്പിനെ മെക്സിക്കന്‍ അതിര്‍ത്തിയില്‍ വിന്യസിക്കുന്നത് അനാവശ്യമാണെന്ന് അമേരിക്കന്‍ മെത്രാന്മാര്‍ പറയുന്നു. മയക്കുമരുന്നുമാഫിയകള്‍ നിയന്ത്രിക്കുന്ന അരക്ഷിതത്വം നിറഞ്ഞ രാജ്യങ്ങളില്‍ നിന്നു സ്വജീവന്‍ രക്ഷിക്കാന്‍ പലായനം ചെയ്യുന്ന പാവപ്പെട്ട മനുഷ്യരെ സൈന്യത്തെ ഉപയോഗിച്ചല്ല നേരിടേണ്ടതെന്ന് അവര്‍ വ്യക്തമാക്കി. ഇത്തരം മനുഷ്യര്‍ക്ക് അഭയം കൊടുക്കാന്‍ അമേരിക്കയ്ക്കു ധാര്‍മ്മികമായ ബാദ്ധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org