യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്കു വിമര്‍ശനം

യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്കു വിമര്‍ശനം

അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികള്‍ക്കുമെതിരെ പീഡനം നടക്കുന്നുവെന്ന് പരാമര്‍ശം. മതസ്വാതന്ത്ര്യത്തിന്‍റെ തലത്തില്‍ 2019-ല്‍ ഇന്ത്യ കുത്തനെ താഴോട്ടു പോയെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.

ലോകമാകെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളും പീഡനങ്ങളും വിലയിരുത്തുകയും അന്താരാഷ്ട്ര നയരൂപീകരണത്തിനുളള ശിപാര്‍ശകള്‍ സഹിതം അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റിനു വര്‍ഷംതോറും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്ന ഒരു ദ്വികക്ഷി ഫെഡറല്‍ കമ്മീഷനാണ് ഇത്. അമേരിക്കന്‍ ഭരണകൂടം ഈ റിപ്പോര്‍ട്ടുകള്‍ക്കു വില കല്‍പിക്കുകയും വിശ്വാസത്തിലെടുക്കുകയും ചെയ്യുന്നുണ്ട്.

ഹിന്ദു ദേശീയവാദ പാര്‍ട്ടിയായ ബിജെപി യുടെ ആവര്‍ത്തിച്ചുള്ള തിരഞ്ഞെടുപ്പു ജയത്തെ തുടര്‍ന്ന് മതസ്വാതന്ത്ര്യം ലംഘിക്കുന്ന ദേശീയ നയങ്ങള്‍ രൂപീകരിക്കുകയാണ് ഇന്ത്യന്‍ ഗവണ്‍മെന്‍റെന്നും മുസ്ലീങ്ങളെയാണ് ഇതു സവിശേഷമായി ബാധിക്കുന്നതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ട രാഷ്ട്രങ്ങളുടെ പട്ടികയിലാണ് റിപ്പോര്‍ട്ട് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും രൂക്ഷമായ മതസ്വാതന്ത്ര്യലംഘനങ്ങള്‍ നടക്കുകയും അവയെ തടയാന്‍ സര്‍ക്കാരുകള്‍ വിസമ്മതിക്കുകയും ചെയ്യുന്ന രാഷ്ട്രങ്ങളാണ് ഈ പട്ടികയില്‍ വരുന്നത്. 2004 നു ശേഷം ആദ്യമായാണ് ഇന്ത്യ ഈ പട്ടികയില്‍ സ്ഥാനംപിടിക്കുന്നത്. ബര്‍മ, ചൈന, എറിട്രിയ, ഇറാന്‍, ഉത്തര കൊറിയ, പാക്കിസ്ഥാന്‍, സൗദി അറേബ്യ, തജിക്കിസ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതിലേയ്ക്ക് ഇന്ത്യ, നൈജീരിയ, റഷ്യ, സിറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളെ കൂടി ചേര്‍ക്കുകയാണ് ഈ വര്‍ഷം ചെയ്തത്.

കമ്മീഷനിലെ മൂന്ന് അംഗങ്ങള്‍ ഇന്ത്യയെ ഈ പട്ടികയില്‍ ചേര്‍ക്കുന്നതിനോടു വിയോജിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇന്ത്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി തുടരുന്നുണ്ടെന്നും ചൈനയിലെയോ ഉത്തര കൊറിയയിലേയോ പോലുള്ള മതമര്‍ദ്ദനം ഇന്ത്യയിലില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ പൗരത്വനിയമഭേദഗതിയെ കുറിച്ച് റിപ്പോര്‍ട്ട് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org