രണ്ടു യുഎസ് രൂപതകള്‍ ചേര്‍ത്ത് അതിരൂപതയാക്കി

അമേരിക്കയിലെ അലാസ്കയിലെ ജൂനോ, ആങ്കറേജ് എന്നീ രൂപതകള്‍ ലയിപ്പിച്ച് ആങ്കറേജ്-ജൂനോ അതിരൂപതയായി മാറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവു പുറപ്പെടുവിച്ചു. 1.75 ലക്ഷം ച. കി. മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന പുതിയ അതിരൂപതയില്‍ 55,000 കത്തോലിക്കരും 32 ഇടവകകളും 34 രൂപതാ വൈദികരുമാണ് ഉള്ളത്. അനേകം ദ്വീപുകളും കടലിടുക്കുകളും മഞ്ഞുമലകളും നിറഞ്ഞ ഈ പ്രദേശത്ത് പല ഇടവകകളിലേയ്ക്കും ബോട്ടുകളിലും വിമാനത്തിലും മാത്രമേ ചെന്നെത്താന്‍ കഴിയുകയുള്ളൂ. ജൂനോ രൂപതാ മെത്രാനായി സേവനം ചെയ്തു വരികയായിരുന്ന ബിഷപ് ആന്‍ഡ്രൂ ബെല്‍സാരിയോയെ പുതിയ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമിച്ചു. ആങ്കറേജ് അതിരൂപതാദ്ധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ് പോള്‍ ഡി എറ്റീന്‍ സിയാറ്റില്‍ അതിരൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള ആര്‍ച്ചുബിഷപ്പായി സ്ഥലം മാറിയതിനു ശേഷം അതിന്‍റെ അഡ്മിനിസ്ട്രേറ്ററും ബിഷപ് ബെല്‍സാരിയോ ആയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org