ഉത്തരാഘണ്ടില്‍ മതപരിവര്‍ത്തന നിരോധനനിയമം നിലവില്‍വരുന്നു

ഉത്തരാഘണ്ടില്‍ മതപരിവര്‍ത്തന നിരോധനനിയമം നിലവില്‍വരുന്നു

മതപരിവര്‍ത്തനം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം പാസ്സാക്കിയ ഉത്തരാഘണ്ടിലെ ബിജെപി സര്‍ക്കാരിന്‍റെ മതസ്വാതന്ത്ര്യ ബില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. മതപരിവര്‍ത്തന നിരോധന നിയമം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതോടെ മതപരിവര്‍ത്തന നിരോധന നിയമം നിലവിലുള്ള ഏഴാമത്തെ സംസ്ഥാനമായി ഉത്തരാഘണ്ട്. മതപരിവര്‍ത്തന നിരോധന നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തവരോ, സ്ത്രീകളോ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ദളിത്-ആദിവാസികളോ ആയവരെ നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം നടത്തിയാല്‍ രണ്ടുവര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരും.

ഈ നിയമം നിലവിലുള്ള സംസ്ഥാനങ്ങളില്‍ ഏതെങ്കിലും വ്യക്തി മതപരിവര്‍ത്തനം നടത്താനാഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരുമാസം മുമ്പ് സര്‍ക്കാരില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അറിയിച്ചിരിക്കണം. ഉത്തരാഘണ്ടില്‍ പ്രാബല്യത്തിലാകുന്ന നിയമത്തില്‍, മതപരിവര്‍ത്തനം ലക്ഷ്യമാക്കി പുരുഷന്‍ അന്യമതത്തില്‍പെട്ട സ്ത്രീയെ വിവാഹം ചെയ്താല്‍ അത് അസാധുവാകുമെന്നും കുടുംബ കോടതിയില്‍ ചോദ്യം ചെയ്യാമെന്നും വ്യക്തമാക്കുന്നു.

മതപരിവര്‍ത്തനം സംബന്ധിച്ച സംസ്ഥാനത്തെ പുതിയ നിയമത്തെക്കുറിച്ചു കത്തോലിക്കാ സഭയ്ക്ക് ബോധ്യമുണ്ടെന്നും എന്നാല്‍ സഭയുടെ മിഷനറി പ്രവര്‍ത്തനങ്ങളെ അതു പ്രതികൂലമായി ബാധിക്കില്ലെന്നും ബറേലി ബിഷപ് ഇഗ്നേഷ്യസ് ഡിസൂസ പറഞ്ഞു. ദശാബ്ദങ്ങളായി ജനങ്ങള്‍ക്കിടയില്‍ ഉപവി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തങ്ങള്‍ക്ക് ഇതുവരെ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. പുതിയ നിയമം നിര്‍ബന്ധിത മതിപരിവര്‍ത്തനത്തിന് എതിരെയുള്ളതാണ്. ആ വിധത്തില്‍ മതപരിവര്‍ത്തനങ്ങള്‍ കത്തോലിക്കാ സഭയില്‍ നടക്കുന്നേയില്ല – ബിഷപ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org