“വചനം ദാനമാണ്, അപര വ്യക്തികള്‍ ദാനമാണ്” -മാര്‍പാപ്പയുടെ നോമ്പുകാല സന്ദേശം

“വചനം ദാനമാണ്, അപര വ്യക്തികള്‍ ദാനമാണ്” -മാര്‍പാപ്പയുടെ നോമ്പുകാല സന്ദേശം

അയല്‍വാസിയായാലും അപരിചിതനായ നിസ്വനായാലും ഓരോ വ്യക്തിയും നമുക്കു ദൈവം നല്‍കുന്ന സമ്മാനമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. സഹായമര്‍ഹിക്കുന്ന എല്ലാവര്‍ക്കുമായി നമ്മുടെ വാതിലുകള്‍ തുറക്കാനും അവരില്‍ ക്രിസ്തുവിന്‍റെ മുഖം ദര്‍ശിക്കാനും അനുകൂലമായ സന്ദര്‍ഭമാണ് നോമ്പ് – നോമ്പുകാല സന്ദേശത്തില്‍ മാര്‍പാപ്പ പ്രസ്താവിക്കുന്നു. "വചനം ദാനമാണ്. അപര വ്യക്തികള്‍ ദാനമാണ്" എന്ന പേരിലാണു മാര്‍പാപ്പയുടെ നോമ്പുകാല സന്ദേശം. ധനവാന്‍റെയും ലാസറിന്‍റെയും ഉപമ അടിസ്ഥാനപ്പെടുത്തിയാണ് മാര്‍പാപ്പ തന്‍റെ സന്ദേശം തയ്യാറാക്കിയിട്ടുള്ളത്.
ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മ്മം തുടങ്ങിയ സഭയുടെ പരമ്പരാഗത പ്രവൃത്തികളിലൂടെ ആത്മീയജീവിതം ശക്തിപ്പെടുത്താനുള്ള അവസരമാണ് നോമ്പെന്നു മാര്‍പാപ്പ ചൂ ണ്ടിക്കാട്ടി. എല്ലാത്തിന്‍റെയും അടിസ്ഥാനമായി നില്‍ക്കുന്നത് ദൈവവചനമാണ്. ലാസറിന്‍റെ ഉപമയില്‍ ലാസറിന്‍റെ ചിത്രമാണ് കൂടുതല്‍ വിശദീകരിച്ചിരിക്കുന്നത്. വലിയ ദുരിതപൂര്‍ണമായ അവസ്ഥയിലാണ് ലാസറുള്ളത്. ലാസര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം ദൈവം സഹായിക്കുന്നു എന്നാണ്. ഒരു വാഗ്ദാനത്തെ സൂചിപ്പിക്കുകയാണ് ആ നാമം. ദയനീയമാണ് ലാസറിന്‍റെ അവസ്ഥയെങ്കിലും ദൈവം സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന അമൂല്യമായ ഒരു സമ്മാനവും നിധിയുമാണ് അവന്‍. നാം കണ്ടുമുട്ടുന്ന ഓരോ ജീവിതവും നമ്മുടെ സ്വീകരണവും ആദരവും സ്നേഹവും അര്‍ഹിക്കുന്ന ഒരു സമ്മാനമാണ് – മാര്‍പാപ്പ വിശദീകരിച്ചു.
ലാസറിനെ പോലെ ഉപമയിലെ സമ്പന്നനു ക്രിസ്തു പേരു നല്‍കിയിട്ടില്ലെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പൊങ്ങച്ചത്തോടെ തന്‍റെ സമ്പത്തു പ്രദര്‍ശിപ്പിക്കുന്ന ഒരാളായിട്ടാണ് ധനവാനെ വിവരിച്ചിരിക്കുന്നത്. അസൂയയുടെയും സംഘര്‍ഷത്തിന്‍റെയും സംശയത്തിന്‍റെയും പ്രഥമ സ്രോതസ്സായി പണം മാറുന്നു. പണത്തിനു നമ്മുടെ മേല്‍ ആധിപത്യം ചെലുത്താനാകും. നന്മ ചെയ്യുന്നതിനുള്ള ഒരുപകരണമെന്നതിനേക്കാള്‍ സ്വാര്‍ത്ഥയുക്തിയില്‍ നമ്മെ പൂട്ടിയിടുന്ന ചങ്ങലയാകാന്‍ പണത്തിനു കഴിയും. ഉപമയിലെ ധനവാന്‍റെ ആഡംബരങ്ങള്‍ ഉള്ളിലെ ശൂന്യതയ്ക്കുള്ള മറ മാത്രമാണ്. തന്‍റെ പാപത്തിന്‍റെ തടവറയിലാണ് അയാള്‍ കഴിയുന്നത്. ധനവാന്‍റെയും ലാസറിന്‍റെയും ഉപമയുടെ വിചിന്തനം ഈസ്റ്ററിനുള്ള നല്ല ഒരുക്കമായി മാറും. ലോകത്തിലേയ്ക്ക് എന്തെങ്കിലും കൊണ്ടു വരാനോ ഇവിടെ നിന്ന് എന്തെങ്കിലും കൊണ്ടു പോകാനോ നമുക്കു സാധിക്കില്ലെന്ന് ഈ ഉപമ പഠിപ്പിക്കുന്നു – മാര്‍ പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org