വടക്കന്‍ നൈജീരിയായില്‍ ക്രൈസ്തവര്‍ക്കെതിരെ ഉന്മൂലനനീക്കം

നൈജീരിയയുടെ വടക്കന്‍ ഭാഗങ്ങളില്‍ ക്രൈസ്തവരെ ഇല്ലാതാക്കുന്നതിനു നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ എല്ലാ ക്രൈസ്തവസഭകളും ഒന്നിച്ചുനീങ്ങണമെന്ന് ഈ പ്രദേശത്തെ കഫന്‍ചാന്‍ കാത്തലിക് രൂപതാ ബിഷപ് ജോ സഫ് ബാഗോബിരി ആവശ്യപ്പെട്ടു. നൈജീരിയന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള മെത്രാന്മാരുടെ ഒരു പ്രതിനിധി സംഘം തന്നെ സന്ദര്‍ശിച്ചപ്പോഴാണ് ബിഷപ് ഇതാവശ്യപ്പെട്ടത്. അടുത്ത കാലത്തായി വടക്കന്‍ നൈജീരിയായിലെ ക്രൈസ്തവരായ കര്‍ഷകഗോത്രങ്ങള്‍ക്കെതിരെ മുസ്ലീങ്ങളായ കാലിവളര്‍ത്തല്‍ സംഘങ്ങള്‍ നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ സന്ദര്‍ശനം. യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കാലിക്കൂട്ടങ്ങളെ മേയിച്ചുകൊണ്ട് കലാപകാരികള്‍ കാര്‍ഷികഭൂമികളിലേയ്ക്കു കടന്നുകയറുകയാണ്. കര്‍ഷകരായ ആളുകള്‍ ആക്രമിക്കപ്പെടുകയും സ്വന്തം വീടും നാടുമുപേക്ഷിച്ചു ഓടിപ്പോകാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. ആയിരകണക്കിനാളുകള്‍ കൊല്ലപ്പെടുകയും വന്‍തുകയ്ക്കുള്ള സ്വത്തുവകകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. ഇരകളാകുന്നത് എല്ലാം തന്നെ ക്രൈസ്തവരാണ്. വംശീയതയ്ക്കു പുറമെ മതവിരോധവും ഈ അക്രമങ്ങള്‍ക്കു പുറകിലുണ്ട്. കലാപകാരികള്‍ക്ക് ആധുനികമായ ആയുധങ്ങള്‍ നല്‍കുന്നത് അന്താരാഷ്ട്ര ബന്ധങ്ങളുള്ള വര്‍ഗീയ സംഘടനകളാണെന്നു കരുതപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org