വധശിക്ഷയ്ക്കു സഭാപ്രബോധനത്തില്‍ കൂടുതല്‍ ഇടമുണ്ടാകണമെന്നു മാര്‍പാപ്പ

വധശിക്ഷയ്ക്കു സഭാപ്രബോധനത്തില്‍ കൂടുതല്‍ ഇടമുണ്ടാകണമെന്നു മാര്‍പാപ്പ

വധശിക്ഷ തികച്ചും സുവിശേഷവിരുദ്ധമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. വധശിക്ഷയെന്ന വിഷയത്തിനു കത്തോലിക്കാസഭയുടെ മതബോധനത്തില്‍ വേണ്ടത്ര ഇടമുണ്ടാകണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ചരിത്രപരമായ പ്രബോധനത്തിന്‍റെ വെറും ഓര്‍മ്മയായി ഈ വിഷയം ചുരുക്കാനാവില്ല. സമീപകാല മാര്‍പാപ്പാമാര്‍ പുറപ്പെടുവിച്ചിട്ടുള്ള രേഖകളും പ്രബോധനങ്ങളും കണക്കിലെടുത്തുകൊണ്ട് ഈ വിഷയം കൂടുതല്‍ വിശദമാക്കണം. മനുഷ്യാന്തസ്സിനെ ഗുരുതരമായ വിധത്തില്‍ അവമതിക്കുന്ന ഒന്നാണ് വധശിക്ഷയെന്ന വസ്തുത ക്രൈസ്തവര്‍ മനസ്സിലാക്കണം – മാര്‍പാപ്പ വിശദീകരിച്ചു. കത്തോലിക്കാസഭയുടെ വേദോപദേശം എന്ന സുപ്രധാന രേഖ പ്രസിദ്ധീകരിച്ചതിന്‍റെ 25 -ാം വാര്‍ഷികത്തോടനുബന്ധിച്ചു ചേര്‍ന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1992-ലാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

ഒരു മനുഷ്യജീവന്‍ ഇല്ലാതാക്കുക എന്ന തീരുമാനമാണ് വധശിക്ഷയില്‍ അടങ്ങിയിരിക്കുന്നതെന്നും അതുകൊണ്ട് അത് അതില്‍ത്തന്നെ സുവിശേഷത്തിന് എതിരാണെന്നും മാര്‍പാപ്പ വിശദീകരിച്ചു. മനുഷ്യജീവന്‍ സ്രഷ്ടാവിന്‍റെ കണ്ണുകളില്‍ എപ്പോഴും പാവനമാണ്. ദൈവം മാത്രമാണ് അതിന്‍റെ വിധികര്‍ത്താവ് – മാര്‍പാപ്പ വിശദീകരിച്ചു. അക്രമികളില്‍ നിന്നു ജനങ്ങളുടെ സുരക്ഷ സാദ്ധ്യമാക്കാന്‍ വധശിക്ഷ ആവശ്യമില്ലെന്നും അത്തരം ശിക്ഷാരീതികള്‍ പരിമിതപ്പെടുത്തണമെന്നുമാണ് മതബോധനഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത്. വധശിക്ഷ അത്യാവശ്യമായിരിക്കുന്ന അവസരങ്ങള്‍ അത്യപൂര്‍വമാണെന്നും മതബോധനഗ്രന്ഥം വ്യക്തമാക്കുന്നു. എന്നാല്‍ മതബോധനഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും അസന്ദിഗ്ദ്ധമായ ഭാഷയില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്, വധശിക്ഷ പൂര്‍ണമായും നിരോധിക്കണമെന്ന്. ഈ മട്ടില്‍ ശക്തമായ ഭാഷയില്‍ വധശിക്ഷയെ നിരുപാധികം എതിര്‍ക്കുന്ന നിലപാടിലേയ്ക്കു സഭയുടെ പ്രബോധനം മാറണമെന്നാണ് മാര്‍പാപ്പ ഉദ്ദേശിക്കുന്നത്.

മുന്‍ നൂറ്റാണ്ടുകളില്‍ അക്രമികളില്‍ നിന്നുള്ള പ്രതിരോധ സംവിധാനങ്ങള്‍ കുറവായിരുന്നുവെന്നും അതിനാല്‍ നീതി നടപ്പാക്കാന്‍ വധശിക്ഷ പ്രയോഗിക്കേണ്ടത് ഒരു നിയമപരമായ അനന്തരഫലമായി വീക്ഷിക്കപ്പെട്ടിരുന്നുവെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. പേപ്പല്‍ രാജ്യങ്ങളും ഇതു ചെയ്തിട്ടുണ്ട്. ഇതിലുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുതന്നെ സുവിശേഷത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ട് സഭാപ്രബോധനത്തെ വികസിപ്പിക്കുകയാണു ചെയ്തിട്ടുള്ളത്. ഇത്തരത്തിലുള്ള പ്രബോധനവികസനം വധശിക്ഷയെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തമായ നിലപാടുകള്‍ രൂപപ്പെടുത്താന്‍ ഇടയാക്കണം – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org