“വൈദിക ബ്രഹ്മചര്യം ഇന്നും പ്രസക്തം”

“വൈദിക ബ്രഹ്മചര്യം ഇന്നും പ്രസക്തം”

തൃശൂര്‍: ദൈവത്തെ അടുത്തറിയാന്‍ ജീവിതം സമര്‍ പ്പിച്ചവര്‍ക്ക് വൈദിക ബ്രഹ്മചര്യം ഏറ്റവും സഹായകരമാണെന്ന് തൃശൂര്‍ അതിരൂപത മുന്‍വികാരി ജനറലും സത്സംഗ് രക്ഷാധികാരിയുമായ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് അഭിപ്രായപ്പെട്ടു. അവിഭജിതമായ മനസ്സോടും ശരീരത്തോടും കൂടെ ഈശ്വരനെ ഭജിക്കുന്നവര്‍ക്ക് ദൈവം സ്വയം വെളിപ്പെടുത്തുന്നു. യേശുക്രിസ്തുവിന്‍റെയും ആദിശങ്കരന്‍റെയും ശ്രീബുദ്ധന്‍റെയും ശ്രീരാമകൃഷ്ണപരമഹംസരുടെയും പരമ്പരയിലുള്ള സന്യാസികള്‍ ഇന്നും ബ്രഹ്മചര്യത്തില്‍ ഉറച്ച് നില്‍ക്കുന്നത് അതുകൊണ്ടാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഹസ്രാബ്ദങ്ങള്‍ പാരമ്പര്യമുള്ള ആത്മീയധാരയിലെ ആന്തരികസൗന്ദര്യം ഇല്ലാതാകുന്നില്ല. ആധുനികകാലഘട്ടത്തിലെ വൈദികജീവിതത്തില്‍ പണം, അധികാരം, രാഷ്ട്രീയസ്വാധീനം എന്നിവ മാര്‍ഗ്ഗതടസ്സങ്ങള്‍ സൃഷ്ടിക്കുന്നു എന്ന യാഥാര്‍ത്ഥ്യവും വിസ്മരിക്കപ്പെടാവുന്നതല്ല.
ആദിശങ്കരപാരമ്പര്യത്തിലുള്ള തൃശൂര്‍ തെക്കേമഠത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വേദസപ്താഹത്തില്‍ 'ബ്രഹ്മചര്യത്തിന്‍റെ കാലികപ്രസക്തി' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു റവ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്. തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. കുറൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാട് യജ്ഞാചാര്യനായി. ആചാര്യ ഡോ. എം.ആര്‍. രാജേഷ്, മാടമ്പ് കുഞ്ഞുകുട്ടന്‍, മഹാകവി അക്കിത്തം, ഡോ. എന്‍. ഗോ പാലകൃഷ്ണന്‍, എടമന വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം വേദപണ്ഡിതന്‍മാര്‍ നാല് ദിവസം നീണ്ടുനിന്ന വേദസ പ്താഹത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org