കോവിഡ് 19: വൈദികര്‍ കാഴ്ചക്കാര്‍ ആകരുതെന്നു പാപ്പായുടെ സെക്രട്ടറി

പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുമ്പോള്‍ സ്വയരക്ഷ മാത്രം നോക്കാതെ, വിശ്വാസികള്‍ക്ക് ആവശ്യമായ കൗദാശിക സേവനങ്ങള്‍ എത്തിക്കാന്‍ വൈദികര്‍ തയ്യാറാകണമെന്നു മാര്‍പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയായ ഫാ. യോവാന്നിസ് ലഹ്സി ഗെയ്ദ് അഭിപ്രായപ്പെട്ടു. വെറും ജോലിക്കാരേക്കാള്‍ അജപാലകരായി പെരുമാറുവാന്‍ വൈദികര്‍ തയ്യാറാകണം. നീറോയുടെ മതമര്‍ദ്ദനകാലത്ത് റോമാ വിട്ടുപോയ പത്രോസ് ശ്ലീഹായെ സംബന്ധിച്ച പാരമ്പര്യം ഓര്‍മ്മിക്കേണ്ടതാണ്. യാത്രാമദ്ധ്യേ യേശു റോമിലേയ്ക്കു വരുന്നതു കണ്ട പത്രോസ് എങ്ങോട്ടാണു പോകുന്നതെന്നു അവിടുത്തോടു ചോദിച്ചു. വീണ്ടും ക്രൂശിക്കപ്പെടാനായി റോമിലേയ്ക്കു പോകുന്നുവെന്ന യേശുവിന്‍റെ മറുപടിയില്‍ നിന്നു കാര്യം ബോദ്ധ്യമായ പത്രോസ് റോമിലേയ്ക്കു മടങ്ങുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. പത്രോസിന് തന്‍റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ അവകാശവും ഉണ്ടായിരുന്നു. വേണമെങ്കില്‍ വേറെ സ്ഥലങ്ങളില്‍ പോയി സഭകള്‍ സ്ഥാപിക്കുകയും ചെയ്യാമായിരുന്നു. പക്ഷേ അതു ലോകത്തിന്‍റെ യുക്തിയാണ്. ദൈവം അങ്ങനെയല്ല ചിന്തിക്കുക – ഫാ. ഗെയ്ദ് വിശദീകരിച്ചു.

ഒരു പ്രതിസന്ധിഘട്ടത്തില്‍ സഭ തങ്ങളെ ഉപേക്ഷിച്ചുവെന്ന തോന്നല്‍ വിശ്വാസികള്‍ക്കുണ്ടാകരുതെന്നും അവരുടെ ആവശ്യങ്ങള്‍ക്കു സമീപിക്കാവുന്ന ഒരു സ്ഥലമായി ഇടവകപ്പള്ളികള്‍ നിലകൊള്ളണമെന്നും ഫാ. ഗെയ്ദ് ആവശ്യപ്പെട്ടു. സമാശ്വാസവും ധൈര്യവും തേടുന്ന മനുഷ്യര്‍ക്ക് വൈദികര്‍ സംലഭ്യരാകണം. ആവശ്യമായ മുന്‍കരുതലുകളെല്ലാമെടുത്ത് രോഗികള്‍ക്കും വയോധികര്‍ക്കും ആവശ്യമായ കൂദാശകള്‍ നല്‍കാന്‍ കഴിയണം – ഫാ. ഗെയ്ദ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org