വിവാദങ്ങള്‍ മൂലമുള്ള വേദന മനസ്സിലാക്കുന്നുവെന്നു വൈദികരോടു മാര്‍പാപ്പ

വിവാദങ്ങള്‍ മൂലമുള്ള വേദന മനസ്സിലാക്കുന്നുവെന്നു വൈദികരോടു മാര്‍പാപ്പ
Published on

വി. ജോണ്‍ മരിയ വിയാനിയുടെ 160-ാം ചരമവാര്‍ഷികദിനത്തില്‍ ലോകമെങ്ങുമുള്ള കത്തോലിക്കാ വൈദികരെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയ കത്ത് ഹൃദയസ്പര്‍ശിയായ ആത്മാര്‍ത്ഥത കൊണ്ടു ശ്രദ്ധേയമായി. 5000-ല്‍ പരം വാക്കുകളുള്ള ദീര്‍ഘമായ കത്ത്, ഇന്നത്തെ വൈദികരുടെ മനസ്സു മനസ്സിലാക്കുന്നതും അവരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുമാണ്. ഏതാനും വൈദികരുടെ തെറ്റുകള്‍ മൂലമുണ്ടായ വിവാദങ്ങള്‍ സ്വന്തം വിളിയോടു പ്രതിബദ്ധത പുലര്‍ത്തി ജീവിക്കുന്ന ബാക്കിയുള്ള ബഹുഭൂരിപക്ഷം വൈദികര്‍ക്കും വേദനയുണ്ടാക്കുന്നുവെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ശുദ്ധീകരണത്തിന്‍റെ ഒരു ഘട്ടത്തിലൂടെ കടന്നു പോകുകയാണു സഭയെന്നും ദൃഢനിശ്ചയത്തോടെ പ്രാര്‍ത്ഥനാപൂര്‍വം ഈ ഘട്ടത്തെ നേരിടണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ദൈവത്തോടുള്ള വിശ്വസ്തതയോടെ തുടരുന്നിടത്തോളം, ഈ ശുദ്ധീകരണപ്രക്രിയ നമുക്ക് സന്തോഷവും വിനയവും പകരും. അതിവിദൂരത്തല്ലാത്ത ഭാവിയില്‍ ഇതു വളരെ ഫലദായകമാകുകയും ചെയ്യും – മാര്‍പാപ്പ എഴുതി.

ദൈവമില്ലെങ്കില്‍ നാം വെറും പൊടിയാണെന്നു ദൈവം നമ്മെ മനസ്സിലാക്കി തരികയാണെന്നു മാര്‍പാപ്പ പറഞ്ഞു. നമ്മുടെ കപട നാട്യത്തില്‍ നിന്നു ദൈവം നമ്മെ രക്ഷിക്കുകയാണ്. ദൈവജനത്തിനു നല്‍കിയ സേവനത്തിനു ഞാന്‍ നിങ്ങളോടു നന്ദി പറയുകയാണ്. തിരുപ്പട്ടസമയത്ത് ദൈവം നമ്മോടു വലിയ സ്നേഹത്തോടെ പറഞ്ഞ വാക്കുകള്‍ നാം മറന്നു പോകരുത്: "ഇനി മേല്‍ ഞാന്‍ നിങ്ങളെ ദാസരെന്നു വിളിക്കുകയില്ല… നിങ്ങളെ ഞാന്‍ സുഹൃത്തുക്കളെന്നു വിളിക്കുന്നു." നാമേറ്റെടുത്തിരിക്കുന്ന ദൗത്യം സഹനത്തില്‍ നിന്നോ തെറ്റിദ്ധാരണകളില്‍ നിന്നോ നമ്മെ ഒഴിവാക്കുന്നില്ല. മറിച്ച് അവയെ സധൈര്യം നേരിടാനും സ്വീകരിക്കാനുമാണ് ദൈവവിളി നമ്മോടാവശ്യപ്പെടുന്നത്. അങ്ങനെയെങ്കില്‍ കര്‍ത്താവിനു നമ്മെ പരിവര്‍ത്തിപ്പിക്കാനും തന്നോടു കൂടുതല്‍ അടുപ്പിക്കാനും സാധിക്കും – മാര്‍പാപ്പ എഴുതി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org