വംശീയതയ്ക്കെതിരെ യു.എസ്. മെത്രാന്മാരുടെ ഇടയലേഖനം

വംശത്തിന്‍റെ പേരില്‍ മറ്റു മനുഷ്യരെ തങ്ങളേക്കാള്‍ താഴ്ന്നവരായി പരിഗണിക്കുന്ന വംശീയചിന്ത നീതിയെ ലംഘിക്കുന്നതാണെന്നും ക്രൈസ്തവമായി ചിന്തിച്ചാല്‍ അത് അയല്‍വാസിയെ സ്നേഹിക്കുന്നതില്‍ വരുന്ന വീഴ്ചയാണെന്നും അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സംഘം ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു. എല്ലാ മനുഷ്യരും ദൈവത്തിന്‍റെ ച്ഛായയില്‍ തുല്യരായി സൃഷ്ടിക്കപ്പെട്ടവരാണെന്ന മൗലികതത്വത്തിനും എതിരാണ് വംശീയചിന്ത. അമേരിക്കന്‍ സമൂഹത്തെ ഇന്നും ബാധിച്ചിരിക്കുന്ന ഒരു വ്യാധിയാണ് വിവിധ തരം വംശീയതകള്‍. ആദിവാസികളേയും ആഫ്രിക്കന്‍-അമേരിക്കക്കാരേയും ലാറ്റിന്‍ വംശജരേയും ഇതു ദോഷകരമായി ബാധിക്കുന്നു-ഇടയലേഖനത്തില്‍ മെത്രാന്മാര്‍ വ്യക്തമാക്കി.

ക്രൈസ്തവഹൃദയത്തില്‍ യാതൊരു സ്ഥാനവുമില്ലാത്ത വംശീയത ഇന്നും നമ്മുടെ സംസ്കാരത്തെ ആഴത്തില്‍ ബാധിച്ചിരിക്കുന്നുവെന്ന് മെത്രാന്‍മാര്‍ പറഞ്ഞു. അതിനാല്‍ ഒരു ഹൃദയപരിവര്‍ത്തനം അത്യാവശ്യമാണ്. സ്വയം മാറാന്‍ പ്രേരിപ്പിക്കുന്ന മാനസാന്തരമാണ് ആവശ്യം. സ്വാതന്ത്ര്യത്തിന്‍റേയും നീതിയുടേയും സമത്വത്തിന്‍റെയും സമ്പൂര്‍ണമായ സാക്ഷാത്കാരം അമേരിക്ക നേടിയെടുക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ മേല്‍ ആധിപത്യം ചെലുത്താനും ഭൂമി കൈവശപ്പെടുത്താനും ആദിവാസികളെ ബലപ്രയോഗത്തിലൂടെ പുനരധിവസിപ്പിക്കാനും വംശീയചിന്ത മറയാക്കപ്പെട്ടു. ആഫ്രിക്കന്‍ വംശജരെ അടിമകളാക്കുകയും അനീതിപരമായ നിയമങ്ങളിലൂടെ സാമൂഹ്യപുരോഗതി അവര്‍ക്കു നിഷേധിക്കുകയും ചെയ്തു – മെത്രാന്മാര്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org