വനിതാഡീക്കന്മാര്‍ക്കു ഉടന്‍ സാദ്ധ്യതയില്ല; പഠനം തുടരും: മാര്‍പാപ്പ

വനിതാഡീക്കന്മാര്‍ക്കു ഉടന്‍ സാദ്ധ്യതയില്ല; പഠനം തുടരും: മാര്‍പാപ്പ

കത്തോലിക്കാസഭയില്‍ വനിതാഡീക്കന്മാരെ നിയമിക്കാന്‍ ഉടന്‍ സാദ്ധ്യത കാണുന്നില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. ബള്‍ഗേറിയ, നോര്‍ത്ത് മാസിഡോണിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം വത്തിക്കാനിലേയ്ക്കു മടങ്ങുമ്പോള്‍ വിമാനത്തില്‍ വച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു പാപ്പ. ചരിത്രത്തിലെ വനിതാ ഡയക്കണേറ്റ്, പുരുഷഡയക്കണേറ്റിന്‍റെ അതേ രൂപത്തിലുള്ള ഒരു അഭിഷേകമായിരുന്നുവോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നുവെന്നും അതു സംബന്ധിച്ച പഠനങ്ങള്‍ തുടരേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു.

പാപ്പ സന്ദര്‍ശിച്ച ബള്‍ഗേറിയയില്‍ ഭൂരിപക്ഷമുള്ള ഓര്‍ത്തഡോക്സ് സഭയില്‍ വനിതാ ഡീക്കന്മാര്‍ ഉണ്ട്. കത്തോലിക്കാസഭയില്‍ പുരുഷന്മാര്‍ക്കു മാത്രമേ ഡീക്കന്മാരാകാന്‍ കഴിയൂ. വനിതാ ഡീക്കന്മാരുടെ സാദ്ധ്യത പരിശോധിക്കാന്‍ 2016-ല്‍ ഫ്രാന്‍ സിസ് മാര്‍പാപ്പ ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ആറു സ്ത്രീകളും ആറു പുരുഷന്മാരുമാണു കമ്മീഷന്‍ അംഗങ്ങള്‍. സഭയില്‍ പുരുഷഡീക്കന്മാരില്‍ നിന്നു വ്യത്യസ്തമായ പങ്കാണു വനിതാഡീക്കന്മാര്‍ക്കു ചരിത്രത്തില്‍ ഉണ്ടായിരുന്നതെന്നും വനിതാഡീക്കന്മാര്‍ക്കു പുരുഷഡീക്കന്മാരെ പോലെ കൗദാശികമായ അഭിഷേകം നല്‍കിയിരുന്നില്ലെന്നും കമ്മീഷനിലെ ചില അംഗങ്ങള്‍ നിഗമനത്തിലെത്തിയിട്ടുണ്ടെന്നു പാപ്പ സൂചിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org