വിദ്വേഷങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ വനിതാ മാര്‍ച്ച്

സമകാലീന സാഹചര്യത്തില്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന വിദ്വേഷങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെയും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയും ഏപ്രില്‍ 4 ന് രാജ്യവ്യാപകമായി വനിതാ മാര്‍ച്ചു നടത്തുന്നു. വിവിധ സ്ത്രീസംഘടനകളും സ്ത്രീ ശക്തീകരണ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും ഭാഗഭാക്കുകളാകുന്ന വനിതാ മാര്‍ച്ച് രാജ്യത്തുടനീളം സംഘടിപ്പിക്കാനാണ് സംഘാടകരുടെ പരിപാടി.

സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുകയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി അതിനുവേണ്ടി ജനങ്ങളെ ഒന്നിപ്പിക്കുകയുമാണ് വനിതാ മാര്‍ച്ചിന്‍റെ ലക്ഷ്യമെന്ന് സംഘാടകരിലൊരാളായ ശബ്നം ഹാഷ്മി പറഞ്ഞു. മുസ്ലീങ്ങള്‍, ദളിതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, ആള്‍ക്കൂട്ട കൊലകള്‍ തുടങ്ങിയവ രാജ്യത്ത് അരക്ഷിതത്വം സൃഷ്ടിക്കുന്നതായും അവര്‍ വിശദീകരിച്ചു.

നവലിബറല്‍ സാമ്പത്തിക നയങ്ങളും മുതലാളിത്തവും സ്ത്രീകളെ പൊതുവെയും ദളിതരെയും ആദിവാസികളെയും പിന്നോക്കക്കാരെയും പ്രത്യേകിച്ചും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മൗലികാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ദൃശ്യമാണ്. വസ്ത്രം ധരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം ഉടലെടുക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കുന്ന പ്രവണതയുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജയിലിലടയ്ക്കപ്പെടുന്നു. ഗൗരി ലങ്കേഷിനെപ്പോലുള്ള പത്രപ്രവര്‍ത്തകരുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ട സ്ഥിതിയുണ്ടായി.

ഈ പശ്ചാത്തലത്തില്‍ സ്ത്രീകളും ട്രാന്‍സ്ജെന്‍ഡേഴ്സും വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും ഗാര്‍ഹിക തൊഴിലാളികളും കലാകാരന്മാരും, കര്‍ഷകരും ഉദ്യോഗസ്ഥരുമടക്കം എല്ലാ വിഭാഗം ജനങ്ങളും ഫാസിസത്തിനും അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ ഒറ്റക്കെട്ടായി നിന്നു ശബ്ദമുയര്‍ത്തണമെന്ന് ശബ്നം ഹാഷ്മി അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org