Latest News
|^| Home -> International -> വനിതകള്‍ക്കു കൂടുതല്‍ ഭരണപങ്കാളിത്തം നല്‍കും, പൗരോഹിത്യം അടഞ്ഞ അദ്ധ്യായം -ഫ്രാന്‍സിസ് മാര്‍പാപ്പ

വനിതകള്‍ക്കു കൂടുതല്‍ ഭരണപങ്കാളിത്തം നല്‍കും, പൗരോഹിത്യം അടഞ്ഞ അദ്ധ്യായം -ഫ്രാന്‍സിസ് മാര്‍പാപ്പ

Sathyadeepam

റോമന്‍ കൂരിയായില്‍ ഉള്‍പ്പെടെ സഭയുടെ ഭരണപദവികളില്‍ വനിതകള്‍ക്കു കൂടുതല്‍ പങ്കാളിത്തം നല്‍കുമെന്നും എന്നാല്‍ വിശ്വാസപരമായി അസാദ്ധ്യമായതിനാല്‍ വനിതാപൗരോഹിത്യമെന്നത് അടഞ്ഞ അദ്ധ്യായമായി തുടരുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. വനിതകള്‍ക്കു കൂടുതല്‍ പദവികള്‍ നല്‍കാനുള്ള തീരുമാനങ്ങള്‍ക്ക് ഇപ്പോഴും എതിര്‍പ്പുകളുണ്ടാകാറുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സുമായുള്ള ഒരഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

വത്തിക്കാന്‍ പ്രസ് ഓഫീസ് വൈസ് ഡയറക്ടറായി 2016-ല്‍ താന്‍ സ്പാനിഷ് മാധ്യമ പ്രവര്‍ത്തകയായ പാലമോ ഗ്രാസിയായെ നിയമിച്ച കാര്യം മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. മാധ്യമകാര്യാലയത്തിന്‍റെ മേധാവിയായി നിയമിക്കാന്‍ ഒരു വനിതയെ സമീപിച്ചുവെങ്കിലും മറ്റു ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാല്‍ അവര്‍ അതേറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും അല്ലെങ്കില്‍ ആ പദവിയില്‍ക്കൂടി ഒരു വനിത വരുമായിരുന്നുവെന്നും മാര്‍പാപ്പ വെളിപ്പെടുത്തി. കൂരിയായില്‍ ഇനിയും കൂടുതല്‍ സ്ത്രീകള്‍ വരേണ്ടതുണ്ട്. വത്തിക്കാന്‍ കാര്യാലയങ്ങളുടെ മേധാവികളായി വനിതകളെ നിയമിക്കുവാന്‍ തനിക്കു വിയോജിപ്പില്ല. ചില കാര്യാലയങ്ങളുടെ ഉത്തരവാദിത്വനിര്‍വഹണത്തിന് വൈദികനോ മെത്രാനാ ആവശ്യമായി വരുമെന്നതിനാല്‍ മാത്രമാണ് അവയുടെ നേതൃപദവികള്‍ അവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളത്. ഉദാഹരണത്തിനു വൈദിക കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ മെത്രാനായിരിക്കേണ്ടതുണ്ട്. എന്നാല്‍ സാമ്പത്തിക കാര്യാലയത്തിന്‍റെ മേധാവിയായി ഒരു വനിതയെ നിയമിക്കാവുന്നതേയുള്ളൂ. പുരുഷന്മാര്‍ മാത്രമുള്ള ഒരു ഓഫീസിനേക്കാള്‍ കാര്യക്ഷമമായി കാര്യങ്ങള്‍ നടക്കുക സ്ത്രീകളും പുരുഷന്മാരുമുള്ള ഓഫീസിലായിരിക്കും. വ്യത്യസ്തമായൊരു വീക്ഷണകോണിലൂടെ കാര്യങ്ങളെ നോക്കിക്കാണാന്‍ സ്ത്രീകള്‍ ഉണ്ടായിരിക്കുന്നതാണു നല്ലത് – മാര്‍പാപ്പ വിശദീകരിച്ചു. സ്ത്രീകള്‍ അധികാരികളായുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ നന്നായി നടക്കുന്നതായി തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഘര്‍ഷങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സ്ത്രീകള്‍ക്കു കൂടുതലായി അറിയാം. അത്തരം ഘട്ടങ്ങളില്‍ അവര്‍ കൂടുതല്‍ ധൈര്യശാലികളാകും. അതുകൊണ്ട് കൂരിയായിലും കൂടുതല്‍ സ്ത്രീകള്‍ വരുന്നതാണു നല്ലത് – മാര്‍പാപ്പ വിശദീകരിച്ചു.

കൂടുതല്‍ സ്ത്രീകള്‍ വന്നാല്‍ കൂടുതല്‍ പരദൂഷണമുണ്ടാകുമെന്ന വാദത്തോടു തനിക്കു യോജിപ്പില്ലെന്നും നമ്മള്‍ പുരുഷന്മാരും നല്ല പരദൂഷണ വിദഗ്ദ്ധരാണെന്നും പുരുഷനായ റിപ്പോര്‍ട്ടറുടെ ചോദ്യത്തിനു മറുപടിയായി മാര്‍പാപ്പ പറഞ്ഞു.

Leave a Comment

*
*