വന്യജീവി ശല്യം : കര്‍ഷകസംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിലേയ്ക്ക്

കോട്ടയം : വന്യജീവി അക്രമംമൂലം മനുഷ്യന്‍ കൊല ചെയ്യപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടും ഒരു നടപടികളുമില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയ നിലപാട് തുടരുന്ന പശ്ചാത്തല ത്തില്‍ സംയുക്ത പ്രക്ഷോഭവുമായി കര്‍ഷക സംഘടനകള്‍.

കേരളത്തിലെ 36 കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തിലാണ് സംഘടിതനീക്കം ആരംഭിച്ചിരിക്കുന്നത്. വന്യമൃഗശല്യം മൂലം നൂറുകണക്കിന് കര്‍ഷകര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും കര്‍ഷകന് കൃഷിയിടങ്ങളില്‍ ഇറങ്ങുവാന്‍പോലും സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുകയും ചെയ്തിട്ടും കര്‍ഷകനെയും കൃഷിയെയും സംരക്ഷിക്കാന്‍ യാതൊരു നടപടികളുമില്ലാതെ പുത്തന്‍ കാര്‍ഷിക പദ്ധതി പ്രഖ്യാപനങ്ങളും ഉദ്ഘാടനമാമാങ്കങ്ങളും നടത്തി ഭരണ നേതൃത്വങ്ങള്‍ കര്‍ഷകരെ വിഡ്ഢികളാക്കുന്നത് അനുവദിച്ചുകൊടുക്കാനാവില്ലെന്ന് കര്‍ഷക നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

കര്‍ഷകപ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കാര്‍ഷികമേഖലകളില്‍ സന്ദര്‍ശനം നടത്തി വന്യമൃഗ അക്രമണത്തില്‍ മരണമടഞ്ഞ കര്‍ഷകരുടെ കുടുംബാംഗങ്ങളെ നേരില്‍ കാണുന്നതിനും കൃഷിനാശം സംഭവിച്ചവരുമായി സംവദിച്ച് വിവരശേഖരണം നടത്തുന്നതിനുമായി രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന കണ്‍വീനര്‍ ജോയി കണ്ണഞ്ചിറ ചെയര്‍മാനായി ഉപസമിതിയെ ചുമതലപ്പെടുത്തി. വന്യമൃഗ അക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും കൃഷിനശിച്ച കര്‍ഷകര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നിയമ നടപടികളും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സ്വീകരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബിനോയ് തോമസിന്റെ നേതൃത്വത്തില്‍ കര്‍ഷക മുഖാമുഖം പരിപാടി കാസര്‍ഗോഡ് നിന്നാരംഭിക്കും. സംസ്ഥാന നേതൃസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ മുതലാംതോട് മണി അദ്ധ്യക്ഷത വഹി ച്ചു. ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി. ബിജു വിഷയാവതരണം നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org