വര്‍ഗീയ അതിക്രമങ്ങള്‍ക്കെതിരെ ന്യൂനപക്ഷ ഏകോപനം ആവശ്യം

ഭാരതത്തില്‍ വര്‍ദ്ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങള്‍ക്കും വര്‍ഗീയ അതിക്രമങ്ങള്‍ക്കുമെതിരെ ക്രൈസ്തവര്‍ ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കണമെന്നും ഇക്കാര്യത്തില്‍ മതന്യൂനപക്ഷങ്ങള്‍ പരസ്പരം ഏകോപിച്ചുള്ള നടപടികള്‍ അനിവാര്യമാണെന്നും ക്രൈസ്തവ ദൈവശാസ്ത്രജ്ഞരും വിവിധ സമുദായങ്ങളില്‍ നിന്നുള്ള പണ്ഡിതരും ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് 101 പേര്‍ ഒപ്പിട്ട കത്ത് ക്രൈസ്തവ – പ്രൊട്ടസ്റ്റന്‍റ് നേതാക്കള്‍ക്ക് അവര്‍ കൈമാറി. ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്താന്‍ മതനേതാക്കള്‍ക്കു കഴിയണം. ഭാരതത്തിന്‍റെ വൈവിധ്യം കാത്തു സൂക്ഷിക്കാനുമാകണം. ക്രൈസ്തവരെയും മുസ്ലിങ്ങളെയും ഇതര ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന മതതീവ്രവാദികള്‍ക്കെതിരെ ശക്തമായി പോരാടണം – കത്തില്‍ പറയുന്നു.
മതവര്‍ഗീയതക്കെതിരെ ക്രൈസ്തവര്‍ക്കിടയില്‍ ഏകോപനമില്ലാത്തതും ഈ ലക്ഷ്യത്തിനുവേണ്ടി ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താത്തതും കത്തില്‍ വിമര്‍ശനവിധേയമാക്കുന്നുണ്ട്. ഗോസംരക്ഷണത്തിന്‍റെ പേരില്‍ ഹിന്ദുതീവ്രവാദികളുടെ നേതൃത്വത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടത്തുന്ന ആള്‍ക്കൂട്ടാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു കത്ത് നല്‍കിയിരിക്കുന്നത്.

ഇത്തരം ഹീനപ്രവൃത്തികള്‍ക്കെതിരെ ശക്തിയായി പ്രതികരിക്കേണ്ട സമയമാണിതെന്നും ഭരണഘടനയുടെ മൂല്യങ്ങള്‍ നിലനിര്‍ത്താനും ഛിദ്രശക്തികളെ ഉന്മൂലനം ചെയ്യാനും പൗരസമൂഹവുമായി കൈകോര്‍ത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ക്രൈസ്തവ നേതൃത്വം മുന്നോട്ടു വരണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. തങ്ങളുടെ വാതിലുകള്‍ എപ്പോഴും തുറന്നു കിടക്കുകയാണെന്നു കത്തിനെക്കുറിച്ചുള്ള പ്രതികരണത്തില്‍ ഭാരത മെത്രാന്‍ സമിതി സെക്രട്ടറി ബിഷപ് തിയോഡര്‍ മസ്കരിനാസ് പറഞ്ഞു. കത്തില്‍ ഒപ്പുവച്ചിരിക്കുന്ന നേതാക്കളുമായി ചര്‍ച്ചകള്‍ക്കു തയ്യാറാണെന്നും മതവിദ്വേഷത്തിനും അതിക്രമങ്ങള്‍ക്കും വിഭാഗീയതയ്ക്കും സഭ എക്കാലത്തും എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org