ഒമ്പതു സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇന്ത്യയില്‍ വര്‍ഗ്ഗീയാതിക്രമങ്ങള്‍ വര്‍ദ്ധിച്ചതായി ഇന്‍റലിജന്‍സ് ഏജന്‍സികളുടെ റി പ്പോര്‍ട്ട്. ഒന്‍പതു സംസ്ഥാനങ്ങളിലാണ് ഈ വിധത്തില്‍ വര്‍ഗീയ അക്രമങ്ങള്‍ കൂടിയതായി കണ്ടെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശാണ് ഇതില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. ഈ വര്‍ഷം ജനുവരി 1 മുതല്‍ ഒക്ടോബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 457 വര്‍ഗീയ സംഘട്ടനങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അവിടെ നടന്നത് 396 സംഘട്ടനങ്ങളായിരുന്നു.

വര്‍ഗീയ സംഘര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനം രാജസ്ഥാനാണ്. കഴിഞ്ഞ വര്‍ഷം അവിടെ 116 സംഘട്ടനങ്ങള്‍ നടന്നെങ്കില്‍ ഈ വര്‍ഷം അത് 165 ആയി. ഇതിനു പിന്നില്‍ പശ്ചിമ ബംഗാള്‍ (59-70) ഗുജറാത്ത് (26-40) ആസ്സാം (17- 20) എന്നീ സംസ്ഥാനങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം മത വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ലാത്ത കേരളം, ത്രിപുര, ഡല്‍ഹി, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അഞ്ചു സംഘര്‍ഷങ്ങള്‍ വീതം നടന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തില്‍ ഇത്തരത്തില്‍ നിരന്തരമായി വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ ഉടലെടുക്കുന്നുവെന്നത് ഖേദകരമാണെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം എ.സി. മൈക്കിള്‍ പറഞ്ഞു. വോട്ടുബാങ്ക് രാഷട്രീയം ലക്ഷ്യമാക്കുന്ന രാഷട്രീയക്കാരെയാണ് ഇക്കാര്യത്തില്‍ താന്‍ കുറ്റം വിധിക്കുന്നതെന്നും മതത്തിന്‍റെ പേരില്‍ അവര്‍ പൗരന്മാരെ വിഭജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org