“വര്‍ഗീയാതിക്രമങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിഷ്ക്രിയം”

ഭാരതത്തിലെ മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്തര്‍ദേശീയ മതസ്വാതന്ത്ര്യത്തിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ആരോപിച്ചു. കമ്മീഷന്‍ ഏപ്രില്‍ 25 ന് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍, സര്‍ക്കാരിന്‍റെ കണക്കുകളനുസരിച്ചുതന്നെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ വര്‍ഗീയാതിക്രമങ്ങള്‍ വര്‍ദ്ധിതമാണെന്നു സൂചിപ്പിക്കുന്ന പശ്ചാത്തലത്തില്‍ അതിക്രമങ്ങള്‍ നേരിടുന്നതിലും ഇല്ലായ്മ ചെയ്യുന്നതിലും വേണ്ടത്ര ശുഷ്കാന്തി പുലര്‍ത്തുന്നില്ലെന്നു വ്യക്തമാക്കിയിട്ടുള്ളത്.

ഗോസംരക്ഷണത്തിന്‍റെ പേരില്‍ കുറഞ്ഞത് പത്ത് പേരെങ്കിലും ആള്‍ക്കൂട്ടത്തിന്‍റെ അതിക്രമങ്ങള്‍ക്ക് ഇരയായതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഭാരതത്തില്‍ മതസ്വാതന്ത്ര്യം കുറയുന്ന സാഹചര്യമാണുള്ളത്. വൈവിധ്യമാര്‍ന്ന മത – സംസ്കാരങ്ങളുടെ പശ്ചാത്തലവും ചരിത്രവുമുള്ള ഭാരതത്തില്‍ മതത്തിന്‍റെ പേരിലുള്ള അതിക്രമങ്ങള്‍ ഇന്നു വര്‍ദ്ധിതമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ മൂന്നിലൊന്നു സംസ്ഥാനങ്ങളിലെങ്കിലും മതപരിവര്‍ത്തന നിരോധന നിയമവും ഗോവധ നിരോധനവും നടപ്പിലാക്കിയിട്ടുണ്ട്. ക്ഷീരകര്‍ഷകരും തുകല്‍ കച്ചവടക്കാരും ഇറച്ചി വില്‍പ്പനക്കാരുമായ മുസ്ലീം – ദളിത് വിഭാഗങ്ങളെ ആക്രമിക്കാന്‍ ഈ നിയമങ്ങള്‍ ദുരുപയോഗിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയ കണക്കുകള്‍ പ്രകാരം 2017 ല്‍ മതപീഡനങ്ങളിലൂടെ 111 പേര്‍ കൊല്ലപ്പെടുകയും 2374 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്താകമാനം 822 വര്‍ഗീയാതിക്രമങ്ങള്‍ നടന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. 2016-ല്‍ 86 പേരാണ് വര്‍ഗീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. 2321 പേര്‍ക്കു പരിക്കേറ്റു.
ഭാരതത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സിബിസിഐ സെക്രട്ടറി ബിഷപ് തിയോഡര്‍ മസ്ക്രിനാസ് പറഞ്ഞു. അടുത്തിടെ രണ്ടു പാസ്റ്റര്‍മാരെ ബലം പ്രയോഗിച്ചു ക്ഷേത്രത്തില്‍ കൊണ്ടുപോകുകയും നെറ്റിയില്‍ ഭസ്മം പൂശി അവര്‍ ഹിന്ദുമതം സ്വീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്ത സംഭവം ഉണ്ടായതായി ബിഷപ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org