വര്‍ഗീയാതിക്രമങ്ങളില്‍ ഉത്തര്‍പ്രദേശ് മുന്നില്‍

കഴിഞ്ഞവര്‍ഷം ഭാരതത്തില്‍ വര്‍ഗീയാതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് ഉത്തര്‍പ്രദേശില്‍. ലോക്സഭയില്‍ മന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം അറിയിച്ചത്. 2015-ല്‍ ഉത്തര്‍പ്രദേശില്‍ 155 വര്‍ഗീയാതിക്രമങ്ങളാണു നടന്നതെങ്കില്‍ 2016-ല്‍ അത് 162 ആയി വര്‍ദ്ധിച്ചു. ഉത്തര്‍പ്രദേശിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. 97 അക്രമസംഭവങ്ങളാണ് അവിടെ നടന്നിട്ടുള്ളത്. ഗുജറാത്ത് (74) രാജസ്ഥാന്‍ (72) ബീഹാര്‍ (61) എന്നിവയാണ് വര്‍ഗീയാതിക്രമങ്ങള്‍ കൂടുതല്‍ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. 2015-ല്‍ വര്‍ഗീയ സംഘട്ടനങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന മണിപ്പൂര്‍, ഉത്തരാഘണ്ട് എന്നിവിടങ്ങളില്‍ എട്ടുവീതം സംഘട്ടനങ്ങള്‍ നടന്നു. 2014-ലും 2015-ലും മത-വര്‍ഗീയ അതിക്രമങ്ങള്‍ പ്രകടമല്ലാതിരുന്ന പഞ്ചാബില്‍ 2016-ല്‍ ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുംബൈയില്‍ പരി. മാതാവിന്‍റെ രൂപം തകര്‍ത്തു

മുംബൈയിലെ കുരല്‍ ഗ്രാമത്തില്‍ പ്രതിഷ്ഠിച്ചിരുന്ന കന്യാമറിയത്തിന്‍റെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. മാതാവിന്‍റെ രൂപം പ്രതിഷ്ഠിച്ചിരുന്ന ചില്ലുഗ്ലാസ് തകര്‍ന്ന നിലയിലാണ്. അജ്ഞാതരായ അക്രമികളാണ് രൂപം തകര്‍ത്തതെന്നു സംശയിക്കുന്നു. രൂപം തകര്‍ക്കപ്പെട്ട വിവരം അറിഞ്ഞതോടെ ഗ്രാമീണര്‍ സംഘടിച്ചു പ്രതിഷേധ സമരം നടത്തി. രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. റോഡ് ഉപരോധിച്ച നാട്ടുകാര്‍ കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ടു. അഡ്വ. വിവിയന്‍ ഡിസൂസയുടെ നേതൃത്വത്തില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രതിരോധം സക്തമാക്കിയ നാട്ടുകാര്‍ പൊലീസിന്‍റെ അഭ്യര്‍ത്ഥന ചെവിക്കൊള്ളാന്‍ ആദ്യം കൂട്ടാക്കിയില്ല. പൊലീസ് അഡീഷണല്‍ കമ്മീഷണര്‍ സ്ഥലത്തെത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് ഉപരോധസമരമുള്‍പ്പെടെയുള്ള പ്രതിഷേധം നാട്ടുകാര്‍ അവസാനിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org