വത്തിക്കാന്‍റെ സാമ്പത്തിക സുതാര്യത വര്‍ദ്ധിച്ചുവെന്ന് അതോറിറ്റി റിപ്പോര്‍ട്ട്

വത്തിക്കാന്‍റെ സാമ്പത്തിക സുതാര്യത വര്‍ദ്ധിച്ചുവെന്ന് അതോറിറ്റി റിപ്പോര്‍ട്ട്

വത്തിക്കാന്‍റെ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെ 2016-ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സാമ്പത്തിക കാര്യങ്ങളിലെ സുതാര്യത വര്‍ഷംതോ റും വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും സംശയകരമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകുകയും അന്താരാഷ്ട്ര സഹകാരികളുടെ എണ്ണം വര്‍ദ്ധി ച്ചു വരികയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016-ല്‍ നിര്‍ണായക ചുവടുവയ്പുകളാണ് ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുള്ളതെന്നും ഇനി സുസ്ഥിരമായ ഒരു സാമ്പത്തിക സംവിധാനം വത്തിക്കാനില്‍ ഉണ്ടാകുമെന്ന് ഉറപ്പാക്കാന്‍ ഇതുകൊണ്ടു സാധിച്ചിട്ടുണ്ടെന്നും അതോറിറ്റി അദ്ധ്യക്ഷനായ റനെ ബ്രുവെല്‍ഹാര്‍ട്ട് അറിയിച്ചു. വത്തിക്കാന്‍റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാപിച്ചതാണ് ഈ അതോറിറ്റി. സ്വിസ് അഭിഭാഷകനായ ബ്രുവെല്‍ഹാര്‍ട്ടിനെ അദ്ധ്യക്ഷനാക്കിക്കൊണ്ട് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പ കൂടുതല്‍ ശക്തമാക്കി.
സാമ്പത്തിക സെക്രട്ടേറിയറ്റ്, സാമ്പത്തിക കൗണ്‍സില്‍ എന്നീ വത്തിക്കാന്‍ ധനകാര്യവിഭാഗങ്ങളുമായി സഹകരിച്ചുകൊണ്ടാണ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം. സെക്രട്ടേറിയറ്റും കൗണ്‍സിലും സ്ഥാപിച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. റോമന്‍ കൂരിയായുടെ പരിഷ്കരണ നടപടികളുടെ ഭാഗമായിട്ടായിരുന്നു ഇത്. വത്തിക്കാന്‍ ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഇന്‍ഫര്‍മേഷന്‍ അതോറിറ്റി പ്രധാനമായും മേല്‍നോട്ടം വഹിച്ചത്. വിദേശരാജ്യങ്ങളുടെ സമാന സ്ഥാപനങ്ങളുമായി സഹകരണം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത് ബ്രുവെല്‍ഹാര്‍ട്ട് വലിയ നേട്ടമായി ചൂ ണ്ടിക്കാട്ടി. സാമ്പത്തിക ഇടപാടുകളിലെ സുതാര്യത സംബന്ധിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്‍റെ പേരില്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ വത്തിക്കാന്‍ ബാങ്കിനെ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അതിനാണ് ഇപ്പോള്‍ മാറ്റം വരുന്നത്. ഈ മാറ്റം വരുത്തുക ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൂരിയാ പരിഷ്കരണത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ടുകളുടെ ഫലമായി 2016-ല്‍ വത്തിക്കാന്‍ ബാങ്കിലെ 20 ലക്ഷം ഡോളര്‍ വരുന്ന 4 ഇടപാടുകള്‍ റദ്ദാക്കുകയും 15 ലക്ഷം ഡോളറുള്ള ഒരു അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബ്രസീല്‍, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ധനകാര്യ മേല്‍നോട്ട അതോറിറ്റികളുമായി വത്തിക്കാന്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി ധാരണയില്‍ ഒപ്പു വച്ചിട്ടുണ്ട്. ജര്‍മ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളി ലെ അതോറിറ്റികളുമായും ഇത്തരത്തില്‍ ഔപചാരിക ബന്ധങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 152 രാജ്യങ്ങളിലെ സാമ്പത്തിക അന്വേഷണവിഭാഗങ്ങളുമായി ഇടപെടുന്നതിനും അതോറിറ്റിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org