Latest News
|^| Home -> International -> അല്മായരില്ലെങ്കില്‍ സഭയ്ക്കു ശബ്ദമില്ലാതാകും – വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി

അല്മായരില്ലെങ്കില്‍ സഭയ്ക്കു ശബ്ദമില്ലാതാകും – വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി

Sathyadeepam

സഭയില്‍ അല്മായരുടെ പ്രാധാന്യം ഇന്നു കൂടുതല്‍ വ്യക്തമായിട്ടുണ്ടെന്നും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ അവര്‍ നിലപാടുകള്‍ വ്യക്തമാക്കുന്നില്ലെങ്കില്‍ സഭയ്ക്കു ശബ്ദമില്ലാതാകുമെന്നും വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഘര്‍ പറഞ്ഞു. ജീവിതത്തിന്‍റെ ചില മേഖലകളില്‍, വിശേഷിച്ചും രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളില്‍ അല് മായപങ്കാളിത്തത്തിന്‍റെ ആവശ്യകതയെ കുറിച്ചു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പു തന്നെ സഭയ്ക്കു ബോദ്ധ്യമുണ്ടായിരുന്നുവെന്ന് ആര്‍ച്ചുബിഷപ് സൂചിപ്പിച്ചു. സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളില്‍ ക്രിസ്തുവിന്‍റെ ശബ്ദം കൊണ്ടുവരാനുള്ള ധീരതയും സന്നദ്ധതയും അല്മായര്‍ പ്രകടിപ്പിക്കണം. ഇതു പ്രാദേശികതലത്തിലും അന്താരാഷ്ട്രതലത്തിലും വേണം. സഭയുടെ ഭാവിക്ക് ഇതു നിര്‍ണായകമാണ് – ആര്‍ച്ചുബിഷപ് വിശദീകരിച്ചു. കത്തോലിക്കാ സന്നദ്ധസംഘടനകളുടെ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്.

കുടുംബം, മതസ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളുടെ സംരക്ഷണത്തിനു കത്തോലിക്കാസംഘടനകള്‍ ഊന്നല്‍ നല്‍കണമെന്ന അഭിപ്രായം യോഗത്തിലുയര്‍ന്നു. അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന ആഗോള സമൂഹത്തില്‍ ശരിയായ സമഗ്രമനുഷ്യവികസനം ഉറപ്പാക്കുന്നതിനു കത്തോലിക്കാസംഘടനകള്‍ ശ്രദ്ധിക്കണം. മാനവസാഹോദര്യത്തിന്‍റെ സാക്ഷാത്കാരത്തിനു വേണ്ടി പ. സിംഹാസനവും കത്തോലിക്കാസംഘടനകളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം ആര്‍ച്ചുബിഷപ് ഗല്ലഘര്‍ മുന്നോട്ടു വച്ചു. കത്തോലിക്കാസന്നദ്ധസംഘടനകളെ നിയന്ത്രിക്കാന്‍ പ. സിംഹാസനം ഉദ്ദേശിക്കുന്നില്ലെന്നും യഥാര്‍ത്ഥ ജീവിതാനുഭവങ്ങളും വൈദഗ്ദ്ധ്യവും സഭയിലെത്തിക്കുന്ന യഥാര്‍ത്ഥ നേതാക്കളാണ് അവരെന്നും ആര്‍ച്ചുബിഷപ് ഗല്ലഘര്‍ പറഞ്ഞു.

Leave a Comment

*
*