
വത്തിക്കാന്‍ മ്യൂസിയവും ചൈനയിലെ ഒരു സാംസ്കാരികസ്ഥാപനവുമായി പുതുതായി സ്ഥാപിച്ചിരിക്കുന്ന ബന്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളില്‍ പുരോഗതിയുണ്ടാക്കാന്‍ സഹായിക്കുമെന്നു വിലയിരുത്തപ്പെടുന്നു. 2018-ല്‍ വത്തിക്കാന്‍ മ്യൂസിയങ്ങളിലും ബീജിംഗിലെ ഫൊര്‍ബിഡന്‍ സിറ്റി പാലസിലും ചില കലാവസ്തുക്കളുടെ പ്രദര്‍ശനം ഒരേ സമയം നടത്തുന്നതിനാണ് ഇരുകൂട്ടരും തമ്മില്‍ ധാരണയായിട്ടുള്ളത്. "സൗന്ദര്യം നമ്മെ ഐക്യപ്പെടുത്തുന്നു" എന്ന പേരില്‍ വത്തിക്കാന്‍ മ്യൂസിയവും ചൈനീസ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് കുറെ നാളുകളായി നടത്തി വന്ന സംയുക്ത സംരംഭത്തിന്‍റെ ഭാഗമായാണ് ഈ പ്രദര്‍ശനം അരങ്ങേറുന്നത്. സംഭാഷണത്തിനും വ്യത്യസ്ത സംസ്കാരങ്ങളിലെ ജനതകള്‍ തമ്മിലുള്ള സമാഗമത്തിനും കല എങ്ങനെയാണു സാക്ഷ്യം വഹിക്കുക എന്നു വ്യക്തമാക്കുന്നതായിരിക്കും പ്രദര്‍ശനം.
ചൈനീസ് ചിത്രകാരനായ ഷാംഗ് യാനിന്‍റെ പന്ത്രണ്ടു പെയിന്‍റിംഗുകളാണ് പ്രദര്‍ശനത്തിലുള്ള ഒരു വിഭാഗം. തന്‍റെ നിരവധി പെയിന്‍റിംഗുകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സമ്മാനിച്ചിട്ടുള്ളയാളാണ് അദ്ദേഹം. അവയില്‍ ചിലത് ഒരു വത്തിക്കാന്‍ മ്യൂസിയത്തില്‍ സ്ഥിരമായി സ്ഥാപിക്കുകയും ചെയ്തു. വത്തിക്കാനില്‍ നിന്നു 40 കലാവസ്തുക്കള്‍ ചൈനയിലെ പ്രദര്‍ശനത്തിലേയ്ക്കു കൊണ്ടുപോകും. ബീജിംഗിലെ പ്രദര്‍ശനത്തിനു ശേഷം ഇവ ചൈനയിലെ മറ്റു നഗരങ്ങളിലും പ്രദര്‍ശിപ്പിക്കും. ചൈനയും വത്തിക്കാനും തമ്മിലുള്ള സാംസ്കാരിക വിനിമയത്തില്‍ ഇതൊരു പുതിയ അദ്ധ്യായത്തിനു തുടക്കമിടുമെന്ന് ചൈനീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അധികാരികള്‍ അഭിപ്രായപ്പെട്ടു.