വത്തിക്കാനില്‍ ആണവ നിരായുധീകരണ സമ്മേളനം

വത്തിക്കാനില്‍ ആണവ നിരായുധീകരണ സമ്മേളനം

ആണവായുധങ്ങള്‍ നിരോധിക്കാനുള്ള അന്താരാഷ്ട്ര പ്രചാരണങ്ങള്‍ക്കു ശക്തിപകരുന്നതിനു വത്തിക്കാനില്‍ ഒരു ആണവനിരായുധീകരണ സമ്മേളനം നടത്തി. ആണവായുധമുക്തമായ ലോകം കെട്ടിപ്പടുക്കാനുള്ള സാദ്ധ്യതകള്‍ ആരായുകയായിരുന്നു സമ്മേളനത്തിന്‍റെ ലക്ഷ്യം. സമഗ്രമായ നിരായുധീകരണവും ചര്‍ച്ചാവിഷയമായി.

ലോകസമാധാനത്തിനു മൂര്‍ത്തമായ നടപടികള്‍ സ്വീകരിക്കുക എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗണന പരിഗണിച്ചുകൊണ്ടാണ് സമ്മേളനം സംഘടിപ്പിച്ചതെന്നു മുഖ്യസംഘാടകരായ വത്തിക്കാന്‍ സമഗ്രമനുഷ്യവികസന കാര്യാലയം അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ പീറ്റര്‍ ടര്‍ക്സണ്‍ സൂചിപ്പിച്ചു. വിഭവസ്രോതസ്സുകള്‍ സുസ്ഥിര വികസനത്തിനായി ഉപയോഗിക്കുക, വിവേചനമൊന്നും കൂടാതെ എല്ലാ വ്യക്തികളുടെയും രാജ്യങ്ങളുടെയും ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുക എന്നിവയും മാര്‍പാപ്പയുടെ മുന്‍ഗണനാവിഷയങ്ങളാണെന്നു കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി.

വിയെന്നായില്‍ കഴിഞ്ഞ സെപ്തംബറില്‍ നടന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ യോഗത്തില്‍ വത്തിക്കാന്‍ പ്രതിനിധി മോണ്‍.ബ്രൂണോ മേരീ ദുഫെ ആണവനിരായുധീകരണം സംബന്ധിച്ച വത്തിക്കാന്‍ നിലപാട് വിശദീകരിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ആണവായുധ നിരായുധീകരണ ഉടമ്പടി ഒപ്പു വച്ചതിനു ശേഷം ഈ വിഷയത്തെക്കുറിച്ചുള്ള ആദ്യത്തെ അന്താരാഷ്ട്ര സമ്മേളനമാണ് ഇപ്പോള്‍ വത്തിക്കാന്‍ സംഘടിപ്പിച്ചത്. 122 രാജ്യങ്ങളാണ് ആ ഉടമ്പടിയില്‍ ഒപ്പുവച്ചത്. സിംഗപ്പൂര്‍ നിഷ്പക്ഷത പാലിച്ചു. ആണവായുധങ്ങളുള്ളതും നാറ്റോയില്‍ അംഗത്വമുള്ളതുമായ 69 രാജ്യങ്ങള്‍ ഉടമ്പടിയുടെ ഭാഗമായിട്ടില്ല. കൂടുതല്‍ രാജ്യങ്ങളെ ആണവായുധ നിരോധന കരാറിലേയ്ക്കു കൊണ്ടു വരുന്നതിനുള്ള പ്രചാരണമാണ് വത്തിക്കാന്‍ നടത്തി വരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org