വത്തിക്കാന്‍ സഹായം യുവദമ്പതിമാര്‍ക്കു നല്‍കിയെന്ന് ആലെപ്പോ വികാരി

വത്തിക്കാന്‍ സഹായം യുവദമ്പതിമാര്‍ക്കു നല്‍കിയെന്ന് ആലെപ്പോ വികാരി

ഫ്രാന്‍സിസ് മാര്‍പാപ്പയും റോമന്‍ കൂരിയായും നല്‍കിയ ഒരു ലക്ഷം യൂറോയുടെ സഹായം യുവദമ്പതികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നല്‍കിയെന്ന് സിറിയയിലെ ആലെപ്പോ കത്തീഡ്രല്‍ വികാരി ഫാ.ഇബ്രാഹിം അല്‍സബാഗ് അറിയിച്ചു. പ്രതിസന്ധികള്‍ക്കിടയിലും വിവാഹിതരായി കുടുംബജീവിതം ആരംഭിക്കാന്‍ കാത്തു നില്‍ക്കുകയായിരുന്ന നൂറു കണക്കിനു യുവജനങ്ങളെയാണ് മാര്‍പാപ്പയുടെ സഹായവിവരം അറിഞ്ഞയുടന്‍ താന്‍ ഓര്‍മ്മിച്ചതെന്ന് ഫാ.അല്‍സബാഗ് പറഞ്ഞു. നാലു വര്‍ഷം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ പിടിയിലായിരുന്ന ആലെപ്പോ നഗരം കഴിഞ്ഞ ഡിസംബറിലാണ് തിരിച്ചു പിടിച്ചത്. സിറിയയില്‍ സംഘര്‍ഷമാരംഭിച്ചിട്ട് ഇപ്പോള്‍ ആറു വര്‍ഷമായി. ഇതിനകം അവിടത്തെ അനേകം ക്രൈസ്തവര്‍ അന്യരാജ്യങ്ങളിലേയ്ക്ക് അഭയാര്‍ത്ഥികളായി പോയി. അവശേഷിക്കുന്നവര്‍ തീരാദുരിതങ്ങള്‍ സഹിച്ചുകൊണ്ടിരിക്കുകയാണ്.
വാര്‍ഷികധ്യാനത്തിനൊടുവിലാണ് സിറിയയ്ക്കു തങ്ങളുടെ വ്യക്തിപരമായ നിലയ്ക്കുള്ള സംഭാവന നല്‍കുന്നതായി മാര്‍പാപ്പ പ്രഖ്യാപിച്ചത്. മാര്‍പാപ്പയും റോമന്‍ കൂരിയാ അംഗങ്ങളും ഒന്നിച്ചാണ് ധ്യാനത്തില്‍ പങ്കെടുത്തത്. ധ്യാനത്തിനൊടുവില്‍ സിറിയയ്ക്കുവേണ്ടിയുള്ള പ്രത്യേക നിയോഗത്തോടെയാണ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org