വത്തിക്കാന്‍ വിശ്വാസകാര്യാലയത്തിനു പുതിയ അദ്ധ്യക്ഷന്‍: ആര്‍ച്ചുബിഷപ് ലദാരിയ

വത്തിക്കാന്‍ വിശ്വാസകാര്യാലയത്തിനു  പുതിയ അദ്ധ്യക്ഷന്‍: ആര്‍ച്ചുബിഷപ് ലദാരിയ

വത്തിക്കാന്‍ വിശ്വാസകാര്യാലയത്തിന്‍റെ പുതിയ അദ്ധ്യക്ഷനായി ജെസ്യൂട്ട് ആര്‍ച്ചുബിഷപ് ലുയിസ് ലദാരിയായെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി വിശ്വാസകാര്യാലയം അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചു വരുന്ന കാര്‍ഡിനല്‍ ജെരാര്‍ദ് മ്യുള്ളറിനു പകരമാണ് ഈ നിയമനം. കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്മാരുടെ കാലാവധി അഞ്ചു വര്‍ഷമാണ്. ജൂലൈ 2 നു കാലാവധി പൂര്‍ത്തിയാക്കിയ കാര്‍ഡിനല്‍ മ്യുള്ളര്‍ക്ക് അതു നീട്ടി നല്‍കേണ്ടതില്ലെന്നു പാപ്പ തീരുമാനിക്കുകയായിരുന്നു. വിശ്വാസകാര്യാലയത്തിന്‍റെ സെക്രട്ടറിയായി 2008 മുതല്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു പുതിയ അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ് ലദാരിയ. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് തന്‍റെ സ്ഥാനത്യാഗത്തിനു മുമ്പായി 2012-ല്‍ കാര്‍ഡിനല്‍ മ്യുള്ളറെ വിശ്വാസകാര്യാലയത്തിന്‍റെ അദ്ധ്യക്ഷനായി നിയമിച്ചത്. കാര്‍ഡിനല്‍ മ്യുള്ളര്‍ക്കു പുതിയ നിയമനം നല്‍കിയിട്ടില്ല.

വിശ്വാസപരമായ കാര്യങ്ങളില്‍ യാഥാസ്ഥിതികനായി അറിയപ്പെടുന്നയാളാണ് കാര്‍ഡിനല്‍ മ്യുള്ളര്‍. ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച 'അമോരിസ് ലെറ്റീഷ്യ' എന്ന അപ്പസ്തോലിക പ്രഖ്യാപനത്തിന്‍റെ യാഥാസ്ഥിതികമായ വ്യാഖ്യാനങ്ങളെയാണ് കാര്‍ഡിനല്‍ മ്യുള്ളര്‍ പിന്തുണച്ചത്. വിവാഹമോചിതര്‍ക്കും പുനഃവിവാഹിതര്‍ക്കും കൂദാശകള്‍ നല്‍കുന്നതു പോലുള്ള കാര്യങ്ങളില്‍ മറ്റു ജര്‍മന്‍ മെത്രാന്മാരില്‍ നിന്നു വ്യത്യസ്തമായി തീവ്രമായ യാഥാസ്ഥിതിക നിലപാടു പുലര്‍ത്തുന്നയാളാണ് കാര്‍ഡിനല്‍. അതുകൊണ്ടു തന്നെ മ്യുള്ളറുടെ സ്ഥാനമാറ്റം വാര്‍ത്തകളും സൃഷ്ടിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org