ബജറ്റിലെ കമ്മി: വത്തിക്കാന്‍ കാര്യാലയം അധിപന്മാര്‍ യോഗം ചേര്‍ന്നു

ബജറ്റിലെ കമ്മി: വത്തിക്കാന്‍ കാര്യാലയം അധിപന്മാര്‍ യോഗം ചേര്‍ന്നു

വത്തിക്കാന്‍റെ ബജറ്റ് കമ്മി വര്‍ദ്ധിക്കുന്നുവെന്ന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിവിധ വത്തിക്കാന്‍ കാര്യാലയങ്ങളുടെ അദ്ധ്യക്ഷന്മാരും സ്ഥാപനാധികാരികളും യോഗം ചേര്‍ന്നു. വത്തിക്കാന്‍ സാമ്പത്തിക സമിതിയുടെ ചുമതല വഹിക്കുന്ന ജര്‍മ്മനിയിലെ കാര്‍ഡിനല്‍ റീയന്‍ഹാഡ് മാര്‍ക്സ് ആണു യോഗം വിളിച്ചു ചേര്‍ത്തത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. പ്രശ്നത്തിന്‍റെ ഗൗരവം എല്ലാവരേയും അറിയിക്കാനും പരിഹാരമാര്‍ഗങ്ങള്‍ തേടാനും മാര്‍പാപ്പ കാര്‍ഡിനലിനോടു നിര്‍ദേശിച്ചിരുന്നുവെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യോഗം വിളിച്ച കാര്യം വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണി സ്ഥിരീകരിച്ചു. 2018-ല്‍ 7 കോടി യൂറോയുടെ കമ്മിയാണ് വത്തിക്കാന്‍ ബജറ്റിലുണ്ടായിരുന്നത്. മുന്‍വര്‍ഷത്തിന്‍റെ ഇരട്ടിയായിരുന്നു ഇത്.

വത്തിക്കാന്‍റെ സാമ്പത്തിക ഇടപാടുകള്‍ പരിഷ്കരിക്കുക എന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. 2013-ല്‍ തന്നെ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ നിരവധി തിരിച്ചടികള്‍ ഇതിനുണ്ടായി. ഉദ്ദേശിച്ച വേഗത്തില്‍ പരിഷ്കരണ നടപടികള്‍ മുന്നോട്ടു പോയില്ല. 2014-ല്‍ ആദ്യമായി ഒരു ഓഡിറ്റര്‍ ജനറല്‍ തസ്തിക രൂപീകരിക്കുകയും സ്വതന്ത്രമായ അന്വേഷണത്തിനുള്ള അധികാരം നല്‍കുകയും ചെയ്തു. സാമ്പത്തികസമിതിയുടെ രൂപീകരണവും പരിഷ്കരണത്തിന്‍റെ ഭാഗമായി നടന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org