വത്തിക്കാന്‍, ചൈനാ വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍, ചൈനാ വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി
Published on

വത്തിക്കാന്‍റെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയതിനു ശേഷം ഇതാദ്യമായാണ് ഇത്രയും ഉന്നത തലത്തിലുള്ള ഒരു കൂടിക്കാഴ്ച ഇരു കക്ഷികള്‍ക്കുമിടയില്‍ ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഇത് ചരിത്രപരമായ ഒരു നീക്കമായി നിരീക്ഷകര്‍ കരുതുന്നു. ചൈനയില്‍ അധികാരമേറ്റ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗവണ്‍മെന്‍റ് 1951-ല്‍ ചൈനയിലെ വത്തിക്കാന്‍ നയതന്ത്രപ്രതിനിധി ആര്‍ച്ചുബിഷപ് റിബേരിയെ പുറത്താക്കുകയായിരുന്നു. അതോടെ ഇല്ലാതായ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഇതുവരേയും പുനഃസ്ഥാപിച്ചിട്ടില്ല.

വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ചു ബിഷപ് പോള്‍ ഗല്ലഘറും ചൈനയുടെ വിദേശകാര്യമന്ത്രി വാംഗ്യിയും ജര്‍മ്മനിയില്‍ വച്ചാണു കണ്ടത്. മ്യൂണിക് സെക്യൂരിറ്റി കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. സൗഹാര്‍ദ്ദപരമായ ഒരന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നതെന്നു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് ചൈനയും വത്തിക്കാനും തമ്മില്‍ ഒരു താത്കാലിക ധാരണ 2018 സെപ്തംബറില്‍ ഒപ്പുവയ്ക്കാന്‍ കഴിഞ്ഞത് സുപ്രധാനനേട്ടമാണെന്ന് ഇരുനേതാക്കളും വിലയിരുത്തി. ഇപ്പോഴത്തെ കൊറോണാ പകര്‍ച്ചവ്യാധിയും സംസാരവിഷയമായി. ആറു ലക്ഷം മുഖാവരണങ്ങള്‍ വത്തിക്കാന്‍ ചൈനയിലേയ്ക്കു സൗജന്യമായി അയച്ചിരുന്നു. ചൈനാ-വത്തിക്കാന്‍ ബന്ധങ്ങള്‍ ശക്തമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു ചൈനയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org