മാധ്യമങ്ങള്‍ വിദ്വേഷ പ്രചാരണം നടത്തരുത് -വത്തിക്കാന്‍ മാധ്യമമേധാവി

മാധ്യമങ്ങള്‍ വിദ്വേഷ പ്രചാരണം നടത്തരുത് -വത്തിക്കാന്‍ മാധ്യമമേധാവി

മാധ്യമപ്രവര്‍ത്തനം സര്‍ഗാത്മകവും ജനങ്ങളെ ബന്ധിപ്പിക്കുന്നതും പരസ്പര ധാരണ വളര്‍ത്തുന്നതുമാകണമെന്നു വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ മേധാവി പൗലോ റുഫിനി പ്രസ്താവിച്ചു. വിദ്വേഷം പരത്തുന്ന വേദികളായി മാധ്യമങ്ങള്‍ മാറുകയാണെന്നും അതു പാടില്ലെന്നും റുഫിനി പറഞ്ഞു. തിന്മയെ തിന്മ കൊണ്ടു നേരിടാനാവില്ല. തെറ്റായ വിവരങ്ങള്‍ നല്‍കിക്കൊണ്ട് സത്യത്തെ സേവിക്കാനാവില്ല – അദ്ദേഹം വിശദീകരിച്ചു. അബുദാബിയില്‍ അറബ് മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം അഹമദ് എല്‍ തയ്യിബും ചേര്‍ന്ന് മാനവസാഹോദര്യത്തെ കുറിച്ചു പുറപ്പെടുവിച്ച സംയുക്ത രേഖയുടെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ സമ്മേളനം അബുദാബിയില്‍ നടന്നത്. ക്രൈസ്തവ- മുസ്ലീം സംഭാഷണത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംയുക്ത രേഖ പ്രസിദ്ധീകരിച്ചത്.

സന്മനസ്സുള്ള മനുഷ്യരായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകരോട് ഈ സംയുക്തരേഖ അഭ്യര്‍ത്ഥിക്കുന്നുണ്ടെന്നു റുഫിനി ചൂണ്ടിക്കാട്ടി. ഇന്നത്തെ ഡിജിറ്റല്‍, ബഹുജന മാധ്യമയുഗം നമ്മെ പരസ്പരാദരവിന്‍റെ ഒരു സംസ്കാരത്തിലേയ്ക്കു നയിക്കണം. വിവാദങ്ങള്‍ ആവശ്യമാണെന്ന മിഥ്യാധാരണ ഒഴിവാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണം. ലോകം സമാധാനത്തിനും സത്യത്തിനും നീതിക്കും വേണ്ടി വിശക്കുകയാണ്. ഈ വിശപ്പു ശമിപ്പിക്കേണ്ടത് മാധ്യമപ്രവര്‍ത്തകരാണ്. സാര്‍വത്രിക സാഹോദര്യം വളര്‍ത്തിയെടുക്കാനുള്ള സാദ്ധ്യത മാധ്യമങ്ങള്‍ക്കുണ്ട്. അതേസമയം തെറ്റിദ്ധാരണകളും വിദ്വേഷവും പരത്താനും മാധ്യമങ്ങള്‍ക്കു സാധിക്കും. – റുഫിനി വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org